മുഖ്യമന്ത്രിയല്ല, മുഖ്യസേവകൻ: തിരുച്ചിറപ്പള്ളിയിൽ വിജയ്‌യുടെ റോഡ് ഷോ

Tuesday 02 June 2026 12:36 AM IST

തിരുച്ചിറപ്പള്ളി: താൻ മുഖ്യമന്ത്രിയല്ല,മുഖ്യസേവകനാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്.

തിരുച്ചിറപ്പള്ളിയിൽ ഇന്നലെ നടന്ന റാലിക്ക് ശേഷം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് വിജയ് ഒരു പൊതുപരിപാടിയിൽ പങ്കെടുത്തത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ട്രിച്ചി ഈസ്റ്റ്,പെരമ്പൂർ എന്നീ മണ്ഡലങ്ങളിൽനിന്ന് വിജയിച്ച വിജയ് ട്രിച്ചി ഈസ്റ്റിൽനിന്ന് രാജിവച്ചു.

''എൻ നെഞ്ചിൽ കുടിയിരിക്കും തമിഴക മക്കളേ...'' എന്നു പറഞ്ഞുകൊണ്ടാണ് വിജയ് സംസാരിച്ചു തുടങ്ങിയത്. ഞാൻ രാഷ്ട്രീയത്തിൽ വന്നത് തെറ്റായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനോ വഞ്ചിക്കാനോ അല്ല. ജനങ്ങളുടെ പക്ഷത്ത് നിൽക്കാനും നിങ്ങൾക്കായി പ്രവർത്തിക്കാനുമാണ്.

ഡി.എം.കെയുടെ തകർച്ചയുടെ കാരണം 'കുടുംബ രാഷ്ട്രീയം' ആണ് 'ഒരു പട്ടണമോ തെരുവോ പോലും ഒഴിവാക്കാതെ, മയക്കുമരുന്ന് സംസ്‌കാരം എല്ലായിടത്തും വ്യാപിക്കാൻ ഡി.എം.കെ സർക്കാർ അനുവദിച്ചു. ഇതെല്ലാം ചെയ്ത ശേഷം, അവർ ഇപ്പോൾ കുറ്റം എന്റെ മേൽ ചുമത്തുകയാണ്. മതേതരത്വ തത്വത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല-അദ്ദേഹം പറഞ്ഞു. ഞങ്ങൾ അധികാരത്തിലെത്തി ആഴ്ചകൾ പോലും ആയിട്ടില്ല. ആറുമാസം മിണ്ടാതിരിക്കുമെന്ന് പറഞ്ഞവർക്ക് ആറ് ദിവസം പോലും മിണ്ടാതിരിക്കാനായില്ല. അരമണിക്കൂറിനുള്ളിൽ അവർ പരാതിപ്പെടാൻ തുടങ്ങിയെന്നും വിജയ് പറഞ്ഞു.

കോട്ടും സ്യൂട്ടും ധരിച്ചതിനെ വിമർശിച്ചു

'പലരും ഞാൻ ഒരു കോട്ട് ധരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. എന്തുകൊണ്ട്? ഞങ്ങൾക്ക് ഒരു കോട്ടും സ്യൂട്ടും ധരിക്കാൻ അനുവാദമില്ലേ?' അധികാരത്തിലിരിക്കുന്നവരും ആധിപത്യ ശക്തികളും മാത്രമാണോ കോട്ടും സ്യൂട്ടും ധരിക്കേണ്ടത്? ഈ രണ്ട് നിറങ്ങളും മനുഷ്യ മനസ്സിന്റെ രണ്ട് വശങ്ങളെ പ്രതിഫലിപ്പിക്കുന്നു, എനിക്ക് ആഡംബര നിറങ്ങളിൽ വസ്ത്രം ധരിക്കാൻ താത്പര്യമില്ല- വിജയ് പറഞ്ഞു. '

സ്വീകരിക്കാൻ ദൂരൈ വൈക്കോയും

തൃച്ചിയിൽ വിജയ്‌യെ സ്വീകരിക്കാന എം.ഡി.എം.കെ നേതാവ് വൈക്കോയുടെ മകൻ ദുരൈ വൈക്കോയും എത്തിയിരുന്നു. ഡി.എം.കെ മുന്നണിയിൽ നിന്നും ജയിച്ചാണ് ദുരൈ എം.പിയായത്. ട്രിച്ചിയിലെ റോഡ്‌ഷോയ്ക്ക് ടി.വി.കെ പ്രവർത്തകരും ആവേശകരമായ സ്വീകരണം നൽകി. വാനിന്റെ മുകളിൽ ഇരുന്ന് അദ്ദേഹം പ്രവർത്തകരെ കൈവീശി കാണിച്ചു.