കർണാടക മന്ത്രിസഭാ രൂപീകരണം, ഹൈക്കമാൻഡുമായി ചർച്ച നടത്തി നേതാക്കൾ
ന്യൂഡൽഹി: കർണാടകയിലെ പുതിയ മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയെയും രാഹുൽ ഗാന്ധിയെയും ഇരുവരും കണ്ടു. ഉപമുഖ്യമന്ത്രിമാരുടെ എണ്ണം,മന്ത്രിമാർ ആരൊക്കെ തുടങ്ങിയ വിഷയങ്ങളിൽ തർക്കം നിലനിൽക്കുന്നതിനാലാണ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചത്. പുതിയ പി.സി.സി അദ്ധ്യക്ഷന്റെ നിയമനവും ചർച്ചയായി.
കർണാടക നിയമസഭയിൽ അനുവദനീയമായ 34 മന്ത്രിമാരായി നിയമിക്കാൻ ഡി.കെ,സിദ്ധരാമയ്യ പക്ഷം തങ്ങളുടെ ആളുകളുടെ പേരുകൾ നൽകിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര മന്ത്രിയാകുമെന്നുറപ്പാണ്. മകനെ ഉപമുഖ്യമന്ത്രിയാക്കാനും സിദ്ധരാമയ്യ ശ്രമിക്കുന്നു. മന്ത്രിസഭയിൽ പഴയവരിൽ ചിലരെ നിലനിറുത്തി പുതിയ ആളുകളെ കൊണ്ടുവരുമെന്ന് നേതാക്കൾ പറഞ്ഞു.
ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമ്പോൾ ഒഴിവുവരുന്ന പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് സിദ്ധരാമയ്യ പക്ഷക്കാരനായ സതീഷ് ജർക്കിഹോളിയുടെ പേരിനാണ് മുൻതൂക്കം. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് നിലപാട് നിർണായകമാകും. സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യയെ സംസ്ഥാനത്ത് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ മത്സരിപ്പിക്കാനും കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നു. രാജ്യസഭയിലേക്കില്ലെന്നും സംസ്ഥാനത്ത് പ്രവർത്തിക്കാനാണ് താത്‌പര്യമെന്നും സിദ്ധരാമയ്യ അറിയിച്ചിരുന്നു.