5 ജഡ്‌ജിമാരുടെ നിയമനത്തിന് പച്ചക്കൊടി

Tuesday 02 June 2026 12:52 AM IST

ന്യൂഡൽഹി: ഒരു വനിതാ അഭിഭാഷകയെയും നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെയും സുപ്രീംകോടതി ജഡ്‌ജിമാരാക്കാനുള്ള കൊളീജിയം ശുപാർശയ്‌ക്ക് അംഗീകാര നൽകി കേന്ദ്ര സർക്കാർ. ഇതോടെ സുപ്രീംകോട‌തി ജഡ്‌ജിമാരുടെ എണ്ണം 37ആയി. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാളാണ് നിയമനം അംഗീകരിച്ച വിവരം പുറത്തുവിട്ടത്. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീൽ നാഗു,ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ, ജമ്മു കാശ്‌മീർ ആൻഡ് ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുൺ പല്ലി എന്നിവർക്കൊപ്പം മുതിർന്ന അഭിഭാഷക വി. മോഹനയും സുപ്രീംകോടതിയിൽ ജഡ്‌ജിമാരാകും. തമിഴ്‌നാട് സ്വദേശിയായ വി.മോഹന എത്തുന്നതോടെ ജസ്റ്റിസ് ബി.വി. നാഗരത്നയ്‌ക്കൊപ്പം വനിതാ ജഡ്‌ജിമാർ രണ്ടാകും. അഞ്ചു വർഷത്തിന് ശേഷമാണ് വനിതാ ജഡ്‌ജിന്റെ നിയമനമെന്നതും ശ്രദ്ധേയം. ഇന്ന് രാവിലെ സുപ്രീംകോടതിയിൽ നടക്കുന്ന ചടങ്ങിൽ പുതിയ ജഡ്‌ജുമാർ ചുമതലയേൽക്കും. ചീഫ് ജസ്റ്റിസ് സുര്യകാന്ത് സത്യവാചകം ചൊല്ലിക്കൊടുക്കും.