നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റങ്ങൾ വരുന്നു, പ്രായത്തിലും തവണകൾക്കും പരിധി ഏർപ്പെടുത്തും

Friday 22 May 2026 10:10 AM IST

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് കേന്ദ്രസർക്കാർ വേഗംകൂട്ടുന്നു. ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്തും. അതിനൊപ്പം എത്രതവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ കൊണ്ടുവരാണ് ആലോചന.

നീറ്റ് അടുത്തവർഷംമുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും എന്ന് എൻടിഎ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാറ്റത്തിനൊപ്പം പുതിയ പരിഷ്കാരങ്ങളും ഏർപ്പെടുത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സർക്കാർ നിയോഗിച്ച വിദഗ്ദ്ധരടങ്ങിയ കമ്മിറ്റികൾ ഇത്തരത്തിലുളള നിർദ്ദേശങ്ങൾ നേരത്തേ മുന്നോട്ടുവച്ചിരുന്നു.

നിലവിൽ നീറ്റ് യുജിപരീക്ഷ എഴുതാൻ പ്രായപരിധിയില്ല. അതുപോലെ ശ്രമങ്ങൾക്കും പരിധിയില്ല. പരീക്ഷ എഴുതാൻ 17 വയസ് തികഞ്ഞിരിക്കണം എന്നതുമാത്രമാണ് ഏക നിബന്ധന. നീറ്റിന് പ്രായപരിധി ഏർപ്പെടുത്തണമെന്നാണ് പൊതുവെയുളള ആവശ്യം. നീറ്റ്പോലുളള മറ്റ് പ്രവേശന പരീക്ഷൾക്ക് ഇപ്പോൾത്തന്നെ പ്രായത്തിലും ശ്രമങ്ങൾക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്.

ഒരു പരിധിക്കപ്പുറം പ്രായം കൂടുന്നത് മെഡിക്കൽപരിശീലനത്തെ ശരിയായി മനസിലാക്കാനും അതിന്റെ കാഠിന്യത്തെ നേരിടാനുള്ള കഴിവ് കുറയ്ക്കുമെന്നാണ് ആരാേഗ്യ- വിദ്യാഭ്യാസ രംഗത്തെ പല വിദഗ്ദ്ധരും പറയുന്നത്. പരിധികൾ ഏർപ്പെടുത്താനുള്ള നീക്കത്തെയും അവർ സ്വാഗതം ചെയ്തു. പ്രായപരിധി ഏർപ്പെടുത്താത്തത് പ്രൊഷണൽ വളർച്ചയെ പ്രതികൂലമായി ബാധിക്കും എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാലുപേർകൂടി അറസ്റ്റിലായി. മഹാരാഷ്ട്രയിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് റിപ്പോർട്ട്. കൂടുതൽ രക്ഷിതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്.