'ജനങ്ങൾ ഇവിടെ ജീവിക്കാൻ പാടുപെടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുന്ന തിരക്കിലാണ്'

Wednesday 20 May 2026 4:43 PM IST

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. രാജ്യത്തെ ജനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ സർക്കാർ ചെവികൊള്ളുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർഷകരും യുവജനങ്ങളും തൊഴിലാളികളുമടക്കം ജീവിക്കാൻ പാടുപെടുമ്പോൾ ഉന്നത നേതൃത്വം പി ആർ പരിപാടികളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലി സന്ദർശനം നടത്തുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.

'നമ്മുടെ തലയ്‌ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുന്ന തിരക്കിലാണ്. കർഷകരും യുവാക്കളും സ്‌ത്രീകളും തൊഴിലാളികളും ചെറുകിട വ്യാപാരികളും കണ്ണീർ കുടിക്കുമ്പോൾ പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് റീലുകൾ ഉണ്ടാക്കുന്നു. ഇതൊരു നേതൃത്വമല്ല, പ്രഹസനമാണ്' - രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് മോദി പാർലേയുടെ മെലഡി മിഠായി സമ്മാനിച്ചതിന്റെ വീഡിയോ പ്രചരിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിനെതിരെയും രാഹുൽ മുമ്പ് രംഗത്തെത്തിയിരുന്നു. ജനങ്ങളോട് സ്വർണം വാങ്ങരുതെന്നും വിദേശത്ത് പോകരുതെന്നും പറഞ്ഞ മോദി ആയിരക്കണക്കിന് കോടി രൂപ വിലയുള്ള വിമാനത്തിൽ കയറി വിദേശത്തേക്ക് പറക്കുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. ഉത്തർപ്രദേശിലെ റായ്‌ബറേലിയിൽ സംസാരിക്കവെ ആയിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.