ജമ്മുകാശ്‌മീരിൽ കേബിൾ കാർ നിശ്ചലമായി; പാതിവഴിയിൽ കുടുങ്ങി മുന്നൂറോളം സഞ്ചാരികൾ

Monday 25 May 2026 5:15 PM IST

ശ്രീനഗർ: ജമ്മുകാശ്‌മീരിലെ ഗുൽമാർഗിൽ കേബിൾകാറിൽ കുടുങ്ങി മുന്നൂറോളം വിനോദസഞ്ചാരികൾ. യാത്രക്കാരുമായി സഞ്ചരിച്ച കേബിൾ കാർ സാങ്കേതിക തകരാറിനെതുടർന്ന് ഇന്ന് ഉച്ചയോടെ പാതിവഴിയിൽ നിൽക്കുകയായിരുന്നു. ജമ്മുകാശ്‌മീർ പൊലീസിന്റെയും എസ്‌ജിആർഎഫിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. കേബിൾ കാറിൽ കുടുങ്ങിയവരിൽ മലയാളികളും ഉണ്ടെന്നാണ് വിവരം.

ജമ്മുകാശ്‌മീരിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് ഗുൽമാർഗ്. നിലവിൽ ഇവിടെ മഞ്ഞുവീഴ്‌ചയും മഴയുമുള്ള കാലാവസ്ഥയാണ്. അതുകൊണ്ടുതന്നെ ധാരാളമായി വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തുന്നുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിലും ഈ കാലാവസ്ഥ വെല്ലുവിളികൾ സൃഷ്‌ടിക്കുന്നുണ്ട്. സർക്കാർ കാര്യങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജമ്മുകാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പറഞ്ഞു.