ശമ്പളമില്ല, ക്രൂര പീഡനം; ഫാക്ടറികളിൽ അടിമകളാക്കി ജോലിചെയ്യിപ്പിച്ച 400 തൊഴിലാളികളിൽ കുട്ടികളും

Thursday 21 May 2026 12:51 PM IST

ഹൈദരാബാദ് : തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പാവപ്പെട്ട കുടുംബങ്ങളെ കബളിപ്പിച്ച് ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി ചെയ്യിപ്പിച്ച വൻ സംഘത്തെ പിടികൂടി പൊലീസ്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലുള്ള സിദ്ധാപൂർ ഗ്രാമത്തിലെ മൂന്ന് ഇഷ്‌ടിക ചൂളയിൽ നിന്നായി 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെയാണ് അധികൃതർ സാഹസികമായി രക്ഷപ്പെടുത്തിയത്.

അടിമവേല, ചൂഷണം, ലൈംഗിക അതിക്രമം, കൊലപാതക ആരോപണങ്ങൾ തുടങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തുവന്നത്. സമീപകാലത്ത് കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനങ്ങളിലൊന്നാണിത്.

അങ്ങേയറ്റം വൃത്തിഹീനവും ഇടുങ്ങിയതുമായ താല്ക്കാലിക ഷെഡുകളിലാണ് തൊഴിലാളി കുടുംബങ്ങളെ പാർപ്പിച്ചിരുന്നത്. രക്ഷപ്പെടുത്തിയ സ്ത്രീകളിലും കുട്ടികളിലും ഭൂരിഭാഗം പേരും കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. ഇവർക്ക് കൃത്യമായ ചികിത്സയോ ശുചിമുറി സൗകര്യങ്ങളോ പോലും ലഭ്യമാക്കിയിരുന്നില്ല. ഭക്ഷണത്തിനും യാത്രാച്ചെലവിനുമായി ചൂള ഉടമകളിൽ നിന്ന് വാങ്ങിയ ചെറിയ തുകകളുടെ പേരിൽ ഇവരെ കടക്കെണിയിൽ കുടുക്കുകയായിരുന്നു. ഇവർക്ക് കൃത്യമായ ശമ്പളവും നൽകിയിരുന്നില്ല. പകരം, ആഴ്ചയിൽ 200 രൂപയുടെ പലചരക്ക് കൂപ്പണുകൾ മാത്രമാണ് നൽകിയിരുന്നത്.

തൊഴിലാളികൾക്ക് ഈ പ്രദേശത്ത് നിന്ന് പുറത്തുപോകാനോ മറ്റ് ജോലികൾ തേടാനോ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. നിയമപ്രകാരം അനുവദിക്കുന്ന കുറഞ്ഞ വേതനം പോലും ഇവർക്ക് നിഷേധിക്കപ്പെട്ടു. ഇതിനുപുറമെ കൊടിയ ശാരീരിക പീഡനങ്ങൾക്കും ഭീഷണികൾക്കും സ്ത്രീകൾ അടക്കമുള്ളവർ ഇരയായതായി പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. ഫാക്‌ടറിക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ ചില മരണങ്ങൾ നടന്നിട്ടുണ്ടെന്ന ഗുരുതരമായ ആരോപണവും തൊഴിലാളികൾ ഉയർത്തുന്നുണ്ട്. ഇതേക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

ചൂളയിൽ നിന്ന് രക്ഷപ്പെട്ട ഒരു തൊഴിലാളി അധികൃതരെ സമീപിച്ചതോടെയാണ് നടുക്കുന്ന ക്രൂരത പുറംലോകം അറിഞ്ഞത്. തുടർന്ന് പ്രിൻസിപ്പൽ ഡിസ്ട്രിക്‌ട് ജഡ്‌ജിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. ജില്ലാ ഭരണകൂടം, തൊഴിൽ വകുപ്പ്, പൊലീസ്, ചൈൽഡ് വെൽഫെയർ, റവന്യൂ വകുപ്പുകൾ എന്നിവർ സംയുക്തമായി മണിക്കൂറുകളോളം നടത്തിയ റെയ്ഡിലാണ് തൊഴിലാളികളെ മോചിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 1976ലെ ബോണ്ടഡ് ലേബർ സിസ്റ്റം ആക്ട് പ്രകാരം ഇന്ത്യയിൽ അടിമവേല നിരോധിച്ചിട്ടുള്ളതാണ്.