ട്രക്കിംഗിന് പോയ യുവതിയെ കാണാതായിട്ട് ആറ് ദിവസം; ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Thursday 04 June 2026 12:44 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിംഗിനിടെ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ഇന്ന് ആറുദിവസം. നൈനിറ്റാൾ സ്വദേശിയായ ബബിത പാണ്ഡെ (24) ആണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിംഗിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന - ദേശീയ ദുരന്തനിവാരണ സേനയും ഉൾപ്പെടെ തെരച്ചിൽ തുടരുകയാണ്.

ഇതിനിടെ ബബിതയ്‌ക്കൊപ്പം ട്രക്കിംഗിനുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്‌ത് വരികയാണെന്നും പൊലീസ് പറഞ്ഞു. ഉത്തരാഖണ്ഡ് ഉദ്ദംസിംഗ് നഗർ സ്വദേശി ഹർമൻപാൽ സിംഗ്, ഉത്ത‌ർപ്രദേശിലെ ഷാജഹാൻപൂർ സ്വദേശി ഹർമൻപ്രീത് സിംഗ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മേയ് 25നാണ് ഇവർ ഡെറാഡൂണിൽ നിന്ന് യാത്രതിരിച്ചത്. ആദ്യം ഹർസിൻ, ഗംഗോത്രി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.

ശേഷം മേയ് 28ന് ഇവർ റെയ്‌ത്താലിൽ എത്തി. ഇവിടെ നിന്നാണ് ബബിതയുടെ അവസാന സിസിടിവി ദൃശ്യം ലഭിച്ചത്. ഇവിടെ നിന്നും മൂന്നുപേരും ദയാറ ബുഗ്യാലിലേക്ക് ട്രക്കിംഗ് ആരംഭിച്ചു. യാത്രയ്‌ക്കിടെ ഗോയ് ബേസ് ക്യാമ്പിലാണ് രാത്രി താമസിച്ചത്. എന്നാൽ, അർദ്ധരാത്രിയോടെ ഇവിടെ നിന്നും ബബിതയെ കാണാതായി എന്നാണ് സുഹൃത്തുക്കളുടെ മൊഴി.

വിവിധ സേനകൾ ഡോഗ് സ്‌ക്വാഡിന്റെയും ഡ്രോൺ സംവിധാനത്തിന്റെയും സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. മുങ്ങൽ വിദഗ്ദ്ധരെ എത്തിച്ച് സമീപത്തെ തടാകത്തിലും പരിശോധന നടത്തിയിരുന്നു.