10 മിനിട്ടിൽ 1,200 രൂപ! ലണ്ടനിലെ തെരുവിൽ കച്ചവടം ചെയ്ത് മലയാളി  യുവാവ്; ഒടുവിൽ പൊലീസെത്തി പണി കൊടുത്തു

Thursday 28 May 2026 3:52 PM IST

ലണ്ടൻ: ലണ്ടൻ നഗരത്തിലെ തിരക്കേറിയ തെരുവിൽ വിനോദസഞ്ചാരികളെ ആകർഷിച്ച് മിനിട്ടുകൾക്കുള്ളിൽ പണമുണ്ടാക്കാൻ ശ്രമിച്ച് മലയാളി യുവാവ്. വിഷ്ണു വിജയധരൻ എന്ന യുവാവാണ് ലണ്ടനിലെ സെൻട്രൽ ഏരിയയിൽ ആളുകളുടെ ചിത്രങ്ങൾ പകർത്തി വിൽക്കാൻ ശ്രമിച്ചത്. ഒരു ചിത്രത്തിന് അഞ്ച് പൗണ്ട് ( 540 രൂപ) എന്ന നിരക്കിലായിരുന്നു കച്ചവടം.

ലണ്ടനിൽ പോളറോയ്‌ഡ് ചിത്രങ്ങൾ വിറ്റാൽ എത്ര രൂപയുണ്ടാക്കാൻ സാധിക്കുമെന്ന ചലഞ്ചോടെയാണ് വിഷ്ണു വീഡിയോ പങ്കുവച്ചത്. 'വിസ നാളെ തീരുന്നവർ മാത്രം ശ്രമിക്കുക. 10 മിനിട്ടിൽ നമ്മൾ എത്രയുണ്ടാക്കി?' എന്ന അടിക്കുറിപ്പോടെയാണ് വിഷ്ണു ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. വിസ നാളെ അവസാനിക്കുകയാണെങ്കിൽ മാത്രം ഇത് ട്രൈ ചെയ്യുക എന്ന് തമാശരൂപേണയുള്ള ഒരു മുന്നറിയിപ്പും യുവാവ് നൽകുന്നുണ്ട്.

തുടർച്ചയായി 38 ചിത്രങ്ങൾ വരെ എടുക്കാൻ കഴിയുന്ന കൊഡാക്കിന്റെ ഒരു ക്യാമറ വിഷ്ണു ഇതിനായി വാങ്ങിയിരുന്നു. ലണ്ടനിലെത്തിയ വിനോദസഞ്ചാരികൾ വളരെ താല്പര്യത്തോടെ വിഷ്ണുവിനെക്കൊണ്ട് ഫോട്ടോ എടുപ്പിക്കാൻ മുന്നോട്ട് വരുന്നതും വീഡിയോയിൽ കാണാം. 'ആദ്യത്തെ കുറച്ചു ബിസിനസ് കഴിഞ്ഞപ്പോൾ നമ്മൾ ലക്ഷപ്രഭുക്കൾ ആകുമെന്നാണ് താൻ ശരിക്കും വിചാരിച്ചത്.

എന്നാൽ അടുത്ത കസ്റ്റമർ ആയി എത്തിയത് പൊലീസായിരുന്നുവെന്ന് വിഷ്ണു വീഡിയോയിൽ പറയുന്നു. ലണ്ടനിലെ നിയമമനുസരിച്ച് ലൈസൻസില്ലാതെ തെരുവുകളിൽ കച്ചവടം നടത്തുന്നതും ആളുകളെ സമീപിച്ച് ബിസിനസ് നടത്തുന്നതും നിരോധിച്ചിട്ടുള്ളതാണ്. വെറും 10 മിനിട്ടിൽ 11 പൗണ്ട് ( 1,200 രൂപ) സമ്പാദിച്ചപ്പോഴേക്കും പൊലീസും സിറ്റി എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരും ഇടപെട്ട് വിഷ്ണുവിന്റെ കച്ചവടം തടയുകയായിരുന്നു.

ഇങ്ങനെയൊരു കാര്യം ചെയ്യാൻ മുനിസിപ്പാലിറ്റിയിൽ നിന്നും പ്രത്യേക അനുമതി വേണമായിരുന്നു എന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് വിഷ്ണു പറഞ്ഞു. പക്ഷേ കൃത്യമായ അനുമതിയോടെയാണ് ചെയ്യുന്നതെങ്കിൽ ഇവിടെ സുഖമായി മണിക്കൂറിൽ 100 പൗണ്ട് (പതിനായിരം) വരെ ഉണ്ടാക്കാൻ സാധിക്കുമെന്നും യുവാവ് കൂട്ടിച്ചേർത്തു.