
ധാക്ക: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് സാമ്യമുള്ളതിനാൽ സോഷ്യൽ മീഡിയയിൽ വൈറലായ ആൽബിനോ പോത്തിനെ ബക്രീദ് ദിനത്തിൽ ബലിയർപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കി. ഏകദേശം 700 കിലോഗ്രാം ഭാരമുള്ള ഈ പോത്തിനെ ഇപ്പോൾ ബംഗ്ലാദേശിലെ ദേശീയ മൃഗശാലയിലേക്ക് മാറ്റിയിരിക്കുകയാണ്. 'ഡൊണാൾഡ് ട്രംപ്' എന്ന് തന്നെയാണ് ഈ പോത്തിന്റെ വിളിപ്പേര്.
ട്രംപിന്റെ ട്രേഡ്‌മാർക്ക് ഹെയർസ്റ്റൈലിന് സമാനമാണ് പോത്തിന്റെ മുടിയും. സാധാരണ പോത്തിൽ നിന്ന് വ്യത്യസ്‌തമായി ഇതിന്റെ ശരീരത്തിൽ വെളുത്ത പാടുകളുമുണ്ട്. അതിനാൽത്തന്നെ ഇതിന്റെ ചിത്രങ്ങളും വീഡിയോയും ദശലക്ഷക്കണക്കിനുപേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഈദിന് മുന്നോടിയായി ഈ പോത്തിനെ അതിന്റെ ഉടമയായിരുന്ന സിയാവുദ്ദീൻ മൃദ(38) ബലി നൽകാൻ തീരുമാനിച്ചിരുന്നു. എരുമയ്‌ക്ക് ട്രംപിന്റെ സാദൃശ്യമുണ്ടെന്ന് പറഞ്ഞതും ആ പേര് വിളിച്ചതും മൃദയുടെ ഇളയ സഹോദരനാണ്.
സോഷ്യൽ മീഡിയയിലെ ആളുകൾക്ക് ഈ പോത്തിനോടുള്ള ഇഷ്‌ടം വർദ്ധിച്ചതോടെയാണ് ഇതിനെ ബലികൊടുക്കുന്ന തീരുമാനത്തിൽ നിന്ന് ഉടമ പിൻവാങ്ങിയത്. അപൂർവ രൂപമുള്ള മൃഗമായതിനാൽ കന്നുകാലി വകുപ്പിനോട് ഇതിനെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് പ്രായം കുറഞ്ഞ പോത്തിനെ ധാക്കയിലുള്ള ബംഗ്ലാദേശ് ദേശീയ മൃഗശാലയിലേക്ക് മാറ്റി. ഇനിമുതൽ അവിടെയെത്തുന്ന സന്ദർശകർക്ക് 'ഡൊണാൾഡ് ട്രംപിനെ' കാണാം. ജീവനക്കാർ പോത്തിനെ ശ്രദ്ധാപൂർവം പരിപാലിക്കുമെന്നും പ്രത്യേക പരിപാലകരെ നിയമിച്ചിട്ടുണ്ടെന്നും മൃഗശാല അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |