രാജസ്ഥാനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ; ജയം ഏഴ് വിക്കറ്റിന്, ശുഭ്‌മാൻ ഗില്ലിന് സെഞ്ച്വറി

Friday 29 May 2026 11:37 PM IST

മുല്ലൻപുർ: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ. രാജസ്ഥാൻ ഉയർത്തിയ 215 റൺസ് വിജയ ലക്ഷ്യം എട്ട് പന്ത് ബാക്കി നിൽക്കെയാണ് ടൈറ്റൻസ് മറികടന്നത്. വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗില്ലും സംഘവും വിജയം സ്വന്തമാക്കുകയായിരുന്നു. ഗില്ലിന്റെ തകർപ്പൻ (53 പന്തിൽ 103) സെഞ്ച്വറിയും സായ് സുദർശന്റെ അർദ്ധഞ്ച്വറിയുമാണ് ഗുജറാത്തിന് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കിയത്. ഗുജറാത്തിനെ വിജയത്തോടടുപ്പിച്ച ശേഷം ആർച്ചറിന്റെ പന്തിലാണ് ഗിൽ മടങ്ങിയത്.

ആദ്യ ക്വാളിഫയറിൽ ആർസിബിക്കെതിരെ ബാറ്റിംഗ് തകർച്ച നേരിട്ട ഗുജറാത്ത്, ശക്തമായ തിരിച്ചുവരവാണ് രണ്ടാം ക്വാളിഫയറിൽ നടത്തിയത്. രാജസ്ഥാൻ ഉയർത്തിയ 215 റൺസ് എന്ന മികച്ച വിജയലക്ഷ്യം പിന്തുടർന്ന ജിടിക്ക് വേണ്ടി നായകൻ ഗിൽ കൊടുങ്കാറ്റായി മാറുകയായിരുന്നു. ആദ്യ 30 പന്തുകളിൽ നിന്ന് അർദ്ധസെഞ്ച്വറി തികച്ച ഗിൽ, പിന്നീട് 17 പന്തുകളിൽ നിന്ന് അടുത്ത 50 റൺസ് കൂടി അടിച്ചുകൂട്ടി തന്റെ സെഞ്ച്വറി പൂർത്തിയാക്കി. ഗില്ലിന്റെ മികച്ച പ്രകടനത്തോടെ ഗുജറാത്ത് ജയം ഉറപ്പാക്കുകയായിരുന്നു. ഇതോടെ അഞ്ച് വർഷത്തിനിടെ തങ്ങളുടെ മൂന്നാമത്തെ ഐപിഎൽ ഫൈനലിലേക്കാണ് ഗുജറാത്ത് യോഗ്യത നേടിയിരിക്കുന്നത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളികൾ.

ഗില്ലിനൊപ്പം മികച്ച ബാറ്റിംഗ് പുറത്തെടുത്ത സായ് സുദർശൻ 26 പന്തുകളിൽ നിന്ന് അർദ്ധഞ്ച്വറി തികച്ചു. ഇരുവരും ചേർന്ന കൂട്ടുകെട്ട് രാജസ്ഥാൻ ബൗളർമാരെ നിലംപരിശാക്കി. എന്നാൽ അർദ്ധസെഞ്ച്വറിക്ക് പിന്നാലെ വിക്കറ്റിൽ ബാറ്റുകൊണ്ട് സുദർശൻ വീണ്ടും പുറത്തായി. ഒരു ഷോട്ടിന് ശ്രമിക്കുന്നതിനിടെ സുദർശന്റെ കൈയിൽ നിന്നും ബാറ്റ് തെറിച്ച് വിക്കറ്റിൽ വീഴുകയായിരുന്നു. ഇത് രണ്ടാം തവണയാണ് സുദർശൻ ഇത്തരത്തിൽ പുറത്താകുന്നത്. നോൺ സ്‌ട്രൈക്കിൽ നിന്ന ക്യാപ്ടൻ ഗില്ലിന് പോലും ഇത് വിശ്വസിക്കാനായില്ല. തുടർന്ന് ക്രീസിലെത്തിയ വാഷിങ്ടൺ സുന്ദർ രണ്ട് ഫോറും ഒരു സിക്സും അടിച്ചശേഷം നാന്ദ്രേ ബർഗറിന്റെ പന്തിൽ ക്യാച്ച് നൽകി കൂടാരം കയറി. ജോസ് ബട്ട്ലർ (9), രാഹുൽ തെവാട്ടിയ (17) എന്നിവർ പുറത്താകാതെ ക്രീസിൽ തന്നെ നിന്നു.

മത്സരത്തിന്റെ ടോസിനിടെയുണ്ടായ ചെറിയൊരു കൺഫ്യൂഷൻ ഒടുവിൽ ഗുജറാത്ത് ടൈറ്റൻസിന് ഭാഗ്യമായി മാറി. മത്സരത്തിൽ രണ്ടുതവണയാണ് ടോസ് ഇടേണ്ടി വന്നത്. ആദ്യതവണ ടോസ് ഇട്ടപ്പോൾ രാജസ്ഥാൻ ക്യാപ്‌ടൻ റിയാൻ പരാഗ് വിളിച്ചത് എന്താണെന്ന് മാച്ച് റഫറിക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യത്തെ തവണ കോയിൻ വീണത് 'ടെയിൽസ്' ആയിരുന്നു. പരാഗ് വിളിച്ചതാകട്ടെ ഹെഡ്സും. അതുകൊണ്ട് ആദ്യത്തെ ഫലം അനുസരിച്ച് ഗുജറാത്തിനായിരുന്നു ടോസ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ പരാഗിന്റെ ശബ്ദം കേൾക്കാതിരുന്നതുകൊണ്ട്, കമന്റേറ്റർ രവി ശാസ്ത്രി ടോസ് വീണ്ടും നടത്താൻ പ്രഖ്യാപിച്ചു.

രണ്ടാമത് ടോസ് ഇട്ടപ്പോൾ രാജസ്ഥാൻ റോയൽസ് ജയിക്കുകയും അവർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയുമായിരുന്നു. ഇതിനെതിരെ ഗുജറാത്ത് ക്യാപ്ടൻ ശുഭ്മൻ ഗിൽ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. തനിക്ക് ടോസ് കിട്ടിയിരുന്നെങ്കിൽ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ഗിൽ പിന്നീട് പറയുകയും ചെയ്തു. ഒടുവിൽ രാജസ്ഥാൻ ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോർ ഉയർത്തിയെങ്കിലും, ഗുജറാത്ത് അനായാസം വിജയം കാണുകയായിരുന്നു.

കഴിഞ്ഞ മത്സരങ്ങളിൽ തകർപ്പൻ ഫോമിലായിരുന്ന രാജസ്ഥാന്റെ കൗമാര താരം വൈഭവ് സൂര്യവംശിയെയും മറ്റ് ബാറ്റർമാരെയും കൃത്യമായി തളച്ചിടാൻ കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഗുജറാത്തിന് സാധിച്ചു. ടോസ് കിട്ടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റൺ മല പടുത്തുയർത്തിയെങ്കിലും, ഗുജറാത്തിന്റെ ബാറ്റിംഗിന് മുന്നിൽ അത് അനായാസം വഴിമാറുകയായിരുന്നു. 2008ന് ശേഷം ആദ്യമായി കിരീടം ചൂടാമെന്ന രാജസ്ഥാൻ റോയൽസിന്റെ മോഹങ്ങളാണ് ഇതോടെ അവസാനിച്ചത്.