ഹാര്‍ദിക് പാണ്ഡ്യക്ക് മുന്നില്‍ ഇനി രണ്ട് വഴികള്‍; ക്യാപ്റ്റന്‍സിയില്‍ അന്തിമ തീരുമാനമെടുക്കുക രോഹിത് ശര്‍മ്മ
മുംബയ്: 2024 ഐപിഎല്‍ സീസണിന് മുന്നോടിയായി ഏറെ പ്രതീക്ഷകളോടെയാണ് ഹാര്‍ദിക് പാണ്ഡ്യയെ മുംബയ് ഇന്ത്യന്‍സ് തിരികെ എത്തിച്ചത്. തങ്ങള്‍ വളര്‍ത്തി വലുതാക്കിയ താരം ഗുജറാത്ത് ടൈറ്റന്‍സ് നായകനായി മിന്നിയപ്പോള്‍ മുംബയ് മാനേജ്‌മെന്റ് ഹാര്‍ദിക്കിനെ നായകസ്ഥാനം നല്‍കി തിരികെ കൊണ്ടുവരികയായിരുന്നു. ക്ലബ്ബിന് അഞ്ച് കപ്പുകള്‍ സമ്മാനിച്ച ഇതിഹാസ നായകന്‍ രോഹിത് ശര്‍മ്മയെ നായക സ്ഥാനത്ത് നിന്ന് മാറ്റിയ ഈ നീക്കം ആരാധകര്‍ക്ക് പോലും ദഹിച്ചില്ല.
2024-2026 വരെ മുന്ന് സീസണുകളില്‍ പാണ്ഡ്യ മുംബയ് ഇന്ത്യന്‍സിനെ നയിച്ചു. ആദ്യ സീസണില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തു. കഴിഞ്ഞ വര്‍ഷം പ്ലേ ഓഫിലെത്തിയെങ്കിലും ഇത്തവണ ഒമ്പതാം സ്ഥാനത്താണ് മുന്‍ ചാമ്പ്യന്‍മാര്‍ ഫിനിഷ് ചെയ്തത്. കാര്യങ്ങളില്‍ മുംബയ് ഇന്ത്യന്‍സ് മാനേജ്‌മെന്റ് ഒട്ടും സന്തുഷ്ടരല്ല. ഇപ്പോഴിതാ ഹാര്‍ദിക് പാണ്ഡ്യ മുംബയ് ഇന്ത്യന്‍സ് വിടുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. എന്നാല്‍ ഈ വാര്‍ത്തകളോട് ഹാര്‍ദിക്കോ മുംബയ് മാനേജ്‌മെന്റോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നായക സ്ഥാനത്ത് നിന്ന് നീക്കുന്നുവെന്ന കാര്യം മാനേജ്‌മെന്റ് ഇതിനോടകം തന്നെ ഹാര്‍ദിക്കിനെ അറിയിച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ നായകസ്ഥാനം ചോദിച്ച് വാങ്ങി മുംബയിലേക്ക് തിരികെ എത്തിയ ഹാര്‍ദിക് ഈ നീക്കത്തില്‍ ഒട്ടും സന്തുഷ്ടനല്ല. നായകനല്ലെങ്കില്‍ ടീമില്‍ തുടരാനില്ലെന്ന നിലപാടാണ് താരത്തിന്. താന്‍ ഇന്ത്യക്കായി കളിക്കുമ്പോള്‍ തന്നില്‍ നിന്ന് നായകന്‍മാര്‍ ആവശ്യപ്പെട്ട കമിറ്റ്‌മെന്റ് 100 ശതമാനം നല്‍കിയിട്ടുണ്ട്. എന്നാല്‍ മുംബയ് ഇന്ത്യന്‍സിലെ സീനിയര്‍ താരങ്ങളില്‍ നിന്ന് തനിക്ക് അത് ലഭിച്ചില്ലെന്നും ഹാര്‍ദിക് മാനേജ്‌മെന്റിനോട് പരാതിപ്പെട്ടു.
ടീമിലെ സീനിയര്‍ താരങ്ങളോടും ജൂനിയര്‍ താരങ്ങളോടും അത്ര നല്ല ബന്ധമല്ല ഹാര്‍ദിക്കിനുള്ളത്. 2024 സീസണില്‍ ഗ്രൗണ്ടില്‍ വെച്ച് രോഹിത്തിനോടും ഡ്രസിംഗ് റൂമില്‍ വെച്ച് യുവതാരം തിലക് വര്‍മ്മയോടും ക്യാപ്റ്റന്‍ ഹാര്‍ദിക് മോശമായി പെരുമാറിയിരുന്നു. ഈ സീസണില്‍ പേസര്‍ ജസ്പ്രീത് ബുംറയോടും താരം മോശമായി പെരുമാറിയിരുന്നു. തുടര്‍തോല്‍വികളും സഹതാരങ്ങളോടുള്ള മോശം പെരുമാറ്റവുമാണ് ഹാര്‍ദിക്കിന് വിനയായത്. ഇനി താരത്തിന് മുന്നിലുള്ളത് രണ്ട് വഴികളാണ്. ഒന്നുകില്‍ സീനിയര്‍ താരം എന്ന ലേബലില്‍ മാത്രം ക്ലബ്ബില്‍ തുടരുക അല്ലെങ്കില്‍ മുംബയ് ഇന്ത്യന്‍സ് വിടുക.
ക്യാപ്റ്റനെ നിശ്ചയിക്കുക രോഹിത് ശര്‍മ്മ
മുംബയ് ഇന്ത്യന്‍സ് ക്ലബ്ബിനെ സംബന്ധിച്ച് അവരുടെ ഏറ്റവും ആദരിക്കപ്പെടുന്ന താരം ആരെന്നതിന് രോഹിത് ശര്‍മ്മ എന്ന് മാത്രമാണ് ഉത്തരം. 2013ല്‍ നായകസ്ഥാനം ഏറ്റെടുത്തത് മുതല്‍ 2023ല്‍ പടിയിറങ്ങുന്നത് വരെയുള്ള പത്ത് സീസണില്‍ അഞ്ച് തവണയാണ് രോഹിത് മുംബയെ കിരീടമണിയിച്ചത്. ഹാര്‍ദിക്കിനെ മാറ്റി പുതിയ ക്യാപ്റ്റനെ നിശ്ചയിക്കുമ്പോള്‍ അത് ആരാകണം എന്ന് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം മാനേജ്‌മെന്റ് രോഹിത്തിന് നല്‍കി കഴിഞ്ഞു.
പുതിയ ക്യാപ്റ്റന്‍ ആരായാലും അത് രോഹിത്തിന്റെ അനുഗ്രഹമുള്ള ആളായിരിക്കുമെന്നാണ് ക്ലബ്ബിലെ ഒരു ഉന്നതന്‍ വെളിപ്പെടുത്തിയതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, യുവതാരം തിലക് വര്‍മ്മ എന്നിവരില്‍ ഒരാളാകും അടുത്ത ക്യാപ്റ്റന്‍ എന്നാണ് വിലയിരുത്തല്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ കളിക്കുന്ന ഇഷാന്‍ കിഷനെ തിരികെ എത്തിച്ച് നായക പദവി നല്‍കുന്നതും മുംബയ് പരിഗണിച്ചേക്കാം.