'ബൗളർമാരുടെ പേരും റെക്കാർഡും നോക്കാറില്ല'; വൈഭവിന്റെ ബാറ്റിംഗ് പ്ലാനുകളെക്കുറിച്ച് സഹതാരം
ന്യൂ ചണ്ഡീഗഡ്: ഐപിഎൽ എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. വെറും 29 പന്തിൽ നിന്ന് 97 റൺസ് അടിച്ചുകൂട്ടിയ വൈഭവിന്റെ ഇന്നിംഗ്‌സാണ് ഹൈദരാബാദിന്റെ ഫൈനൽ പ്രതീക്ഷകൾ ഇന്നലെ തല്ലിക്കെടുത്തിയത്. ഇതോടെ മികച്ച റൺറേറ്റുമായി പോയിന്റ് പട്ടികയിൽ മുൻനിരയിലുണ്ടായിരുന്ന എസ്ആർഎച്ചിന്റെ സീസണിലെ പോരാട്ടം അവസാനിച്ചു .
പവർപ്ലേയിൽ വൈഭവ് നടത്തിയ ബാറ്റിംഗ് ആക്രമണം മത്സരത്തിന്റെ ഗതി മാറ്റുകയായിരുന്നു. ആദ്യ ആറ് ഓവറുകളിൽ തന്നെ ഹൈദരാബാദ് ബൗളർമാരെ നിലംപരിശാക്കിയ രാജസ്ഥാൻ, പിന്നീട് മത്സരത്തിലുടനീളം ആധിപത്യം നിലനിർത്തി. ഇപ്പോഴിതാ കൗമാരതാരത്തിന്റെ ബാറ്റിംഗ് വിസ്മയത്തെക്കുറിച്ച് ടീം മാനേജ്മെന്റന്റെ സമീപനം എങ്ങനെയായിരുന്നുവെന്ന് പറയുകയാണ് റോയൽസ് ക്യാപ്ടൻ റയാൻ പരാഗ്. 'ഞങ്ങൾ അവനെ സ്വന്ത്രമായി വിടാറാണ് പതിവ്. മൈതാനത്തിറങ്ങി കളി ആസ്വദിക്കാൻ മാത്രമാണ് മാനേജ്‌മെന്റ് അവനോട് പറയാറുള്ളത്'. -റയാൻ പരാഗ് പറയുന്നു.
മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ വൈഭവിന്റെ മനക്കരുത്തിനെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ പങ്കുവച്ചു. 'വൈഭവിൽ ശ്രദ്ധിച്ച ഏറ്റവും നല്ല കാര്യം അവൻ ഒന്നും പ്ലാൻ ചെയ്യാറില്ല എന്നുള്ളതാണ്. തനിക്ക് ഇത് സാധിക്കുമോ എന്നെ ചെറിയ സംശയത്തിന്റെ നിഴൽ പോലും അവന്റെ ചിന്തകളിൽ ഉണ്ടാകാറില്ല. ഏത് വമ്പൻ ബൗളറാണെങ്കിലും വൈഭവിന് അതൊരു പ്രശ്‌നമേയല്ല. ബൗളറുടെ പേരോ റെക്കാഡോ നോക്കാറില്ല. പന്ത് മാത്രം നോക്കി അത് ബൗണ്ടറി കടത്തുക എന്നതാണ് അവന്റെ ശൈലി. ബൗളർമാർ ആരായാലും തനിക്കൊരു പുല്ലുമില്ല എന്ന മട്ടിലാണ് അവൻ ക്രീസിൽ നിൽക്കുന്നത്. '- ജുറേൽ കൂട്ടിച്ചേർത്തു.
ലോകോത്തര പേസറും ഓസ്‌ട്രേലിയയുടെ ലോകകപ്പ് ജേതാവായ നായകനുമായ പാറ്റ് കമ്മിൻസ് അടക്കമുള്ള ബൗളിംഗ് നിര 15കാരന് മുന്നിൽ നിസഹായരായി. താരത്തെ തളയ്ക്കാൻ പല തന്ത്രങ്ങളും പയറ്റിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ലെന്ന് ഹൈദരാബാദ് അസിസ്റ്റന്റ് കോച്ച് ജെയിംസ് ഫ്രാങ്ക്ലിനും സമ്മതിച്ചു. ബാറ്റിംഗ്പിച്ചിൽ വളരെ കൃത്യതയോടെ പന്തെറിയുക പ്രയാസമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.