ഗുജറാത്തിനെ അടിച്ച് പഞ്ചറാക്കി പാട്ടിദാര്‍; ആര്‍സിബിക്ക് പടുകൂറ്റന്‍ സ്‌കോര്‍
ധരംശാല: ഐപിഎല്ലിലെ ക്വാളിഫയര്‍ ഒന്നില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ രജത് പാട്ടിദാറിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സ് 93*(33) മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് ആര്‍സിബി നേടിയത്. വിരാട് കൊഹ്ലി, ദേവദത്ത് പടിക്കല്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. അവസാന അഞ്ച് ഓവറില്‍ നിന്ന് 86 റണ്‍സാണ് ആര്‍സിബി ബാറ്റര്‍മാര്‍ നേടിയത്.
33 പന്തുകളില്‍ നിന്ന് ഒമ്പത് സിക്‌സറുകളും അഞ്ച് ബൗണ്ടറിയുമാണ് പാട്ടിദാര്‍ അടിച്ച് കൂട്ടിയത്. ഓപ്പണര്‍ വെങ്കിടേഷ് അയ്യര്‍ 19(7), വിരാട് കൊഹ്ലി 43(25), ദേവദത്ത് പടിക്കല്‍ 30(19) ക്രുണാല്‍ പാണ്ഡ്യ 43(28), ടിം ഡേവിഡ് 4(5) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സംഭാവന. ക്യാപ്റ്റനൊപ്പം ജിതേഷ് ശര്‍മ്മ 15*(5) പുറത്താകാതെ നിന്നു. 14 സിക്‌സറുകളും 24 ബൗണ്ടറികളുമാണ് ആര്‍സിബി ഇന്നിംഗ്‌സില്‍ പിറന്നത്.
ഗുജറാത്ത് ബൗളിംഗ് നിരയിലെ എല്ലാവരും കണക്കിന് തല്ല് വാങ്ങി. സൂപ്പര്‍ പേസര്‍ കാഗിസോ റബാഡ നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങി. സിറാജ് മൂന്നോവറില്‍ 46 റണ്‍സാണ് വിട്ടുകൊടുത്തത്. പ്രസീദ്ധ് കൃഷ്ണ നാലോവറില്‍ 53 റണ്‍സും വഴങ്ങി. മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറും. തോല്‍ക്കുന്ന ടീമിന് ഫൈനലിലെത്താന്‍ ഒരു അവസരം കൂടി ലഭിക്കും. രാജസ്ഥാന്‍ - ഹൈദരാബാദ് എലിമിനേറ്റര്‍ ജയിച്ച് വരുന്നവരെയാകും രണ്ടാം ക്വാളിഫയറില്‍ ഇവര്‍ നേരിടുക.