'ക്യാപ്ടൻസി ഒഴിഞ്ഞതോടെ തളർന്നു, ആ രണ്ടുപേരാണ് തിരിച്ചു കൊണ്ടുവന്നത്'; വെളിപ്പെടുത്തലുമായി കൊഹ്‌ലി
ബംഗളൂരു: ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ താൻ നേരിട്ട മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചും മോശം ഫോമിനെക്കുറിച്ചും തുറന്നുപറഞ്ഞ് മുൻ നായകൻ വിരാട് കൊഹ്‌ലി. പ്രതിസന്ധി ഘട്ടത്തിൽ മുൻ പരിശീലകൻ രാഹുൽ ദ്രാവിഡും ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോഡ് നൽകിയ പിന്തുണയാണ് ക്രിക്കറ്റിലെ സന്തോഷം വീണ്ടെടുക്കാൻ തന്നെ സഹായിച്ചതെന്ന് കൊഹ്‌ലി വെളിപ്പെടുത്തി. ആർസിബി ഇന്നൊവേഷൻ ലാബ് സംഘടിപ്പിച്ച ഇന്ത്യൻ സ്‌പോർട്സ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു താരം.
'സത്യം പറഞ്ഞാൽ, ക്യാപ്‌ടൻ സ്ഥാനം ഒഴിഞ്ഞ ശേഷമാണ് ഞാൻ മറ്റുള്ളവരോട് കൂടുതൽ കാര്യങ്ങൾ തുറന്നു സംസാരിക്കാൻ തുടങ്ങിയത്. പ്രത്യേകിച്ച് രാഹുൽ ഭായിയോടും വിക്രം റാത്തോറിനോടും. 2023 ടെസ്റ്റ് ക്രിക്കറ്റിൽ എനിക്ക് നല്ല സമയമായിരുന്നു. ഇപ്പോഴും അവരെ കാണുമ്പോൾ ഞാൻ ഹൃദയം തൊട്ട് നന്ദി പറയാറുണ്ട്. അവർ എന്നെ നോക്കിയ രീതി 'അവർക്ക് വേണ്ടി എനിക്ക് കളിക്കണം' എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു. ഗ്രൗണ്ടിലിറങ്ങി കഷ്ടപ്പെട്ട് കളിക്കാൻ വീണ്ടും ആവേശം തോന്നി. അത്രത്തോളം കരുതലും സ്‌നേഹവുമാണ് അവർ നൽകിയത്. ഇതുവരെ ഞാൻ എന്തൊക്കെ നേടിയിട്ടുണ്ടെന്ന് അവർ എനിക്ക് കാണിച്ചുതന്നു.
രാഹുൽ ഭായിക്ക് എല്ലാം കൃത്യമായി അറിയാമായിരുന്നു. കാരണം ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹം ഇതൊക്കെ ഒരുപാട് കണ്ടതാണ്. വിക്രമും വർഷങ്ങളായി രംഗത്തുണ്ട്. അതുകൊണ്ട് തന്നെ എന്റെ ഉള്ളിലെ വിഷമങ്ങൾ അവർക്ക് പെട്ടെന്ന് മനസിലാക്കാൻ കഴിഞ്ഞു. എന്റെ മാനസികാവസ്ഥയെ അത്രത്തോളം അവർ പിന്തുണച്ചു. അങ്ങനെയാണ് ക്രിക്കറ്റ് എനിക്ക് വീണ്ടും ആസ്വദിച്ചു തുടങ്ങാൻ പറ്റിയത്. പക്ഷേ, തിരക്കുകൾക്കിടയിൽ നിൽക്കുമ്പോൾ ആരെങ്കിലും വന്ന് എന്നോട് വിശേഷങ്ങൾ ചോദിക്കണമെന്നൊന്നും തോന്നിയിരുന്നില്ല. എല്ലാം ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ എനിക്ക് പറ്റുമെന്നാണ് അന്ന് കരുതിയിരുന്നത്.
ബാറ്റിംഗിലും ടീം ലീഡർഷിപ്പിലും ഞാൻ തന്നെയായിരുന്നു പ്രധാന ശ്രദ്ധാകേന്ദ്രം. ഇന്ത്യൻ ക്രിക്കറ്റിനെ ഉയരങ്ങളിൽ എത്തിക്കണമെന്ന വാശി എപ്പോഴും ഉണ്ടായിരുന്നു. പക്ഷേ ആ ലക്ഷ്യത്തിന് പിന്നാലെയുള്ള ഓട്ടത്തിൽ എന്റെ ദൈനംദിന ജീവിതത്തെ എത്രമാത്രം അത് ബാധിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞില്ല. ക്യാപ്‌ടൻസി ഒഴിഞ്ഞപ്പോഴേക്കും ശരിക്കും തളർന്നുപോയിരുന്നു. എല്ലാം അത്രത്തോളം എന്നെ വരിഞ്ഞുമുറുക്കി. പ്രതീക്ഷകളെ താങ്ങി നിർത്തുക ശരിക്കും പ്രയാസകരമായിരുന്നു.
കരിയറിന്റെ മികച്ച സമയത്തൊന്നും ഇത്തരം ഭാരങ്ങൾ എനിക്ക് പ്രശ്നമായിരുന്നില്ല. ഡ്രസിംഗ് റൂമിൽ ആർക്കും ഒരു അരക്ഷിതാവസ്ഥയും ഉണ്ടാകരുത് എന്നതായിരുന്നു അന്ന് എന്റെ ലക്ഷ്യം. അതിന് രവി ശാസ്ത്രിയോടും അന്നത്തെ മാനേജ്‌മെന്റിനോടും കടപ്പാടുണ്ട്. പക്ഷേ, ഫോം എപ്പോഴും ഒരേപോലെ നിൽക്കില്ലല്ലോ. ഫോം കുറയുമ്പോൾ ഉത്തരവാദിത്തങ്ങൾ വലിയ ഭാരമായി തോന്നിത്തുടങ്ങും. അത് ശരിക്കും ബുദ്ധിമുട്ടായിരുന്നു.' -കൊഹ്‌ലി കൂട്ടിച്ചേർത്തു.