വീണ്ടും മിച്ചല്‍ മാര്‍ഷ് ഷോ; ലക്‌നൗവിനെതിരെ രാജസ്ഥാന് വമ്പന്‍ വിജയലക്ഷ്യം

Tuesday 19 May 2026 9:52 PM IST

ജയ്പൂര്‍: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് നേടി. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷ്, ജോഷ് ഇംഗ്ലിസ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് മികവിലാണ് ലക്‌നൗ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. പ്ലേ ഓഫ് പ്രതീക്ഷകള്‍ കാക്കാന്‍ ഇന്നതേത് ഉള്‍പ്പെടെയുള്ള രണ്ട് മത്സരങ്ങളിലും ജയത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ല രാജസ്ഥാന്.

ചെന്നൈക്കെതിരെ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുകയായിരുന്നു മിച്ചല്‍ മാര്‍ഷ്. 57 പന്തുകളില്‍ നിന്ന് 96 റണ്‍സാണ് മാര്‍ഷ് അടിച്ചെടുത്തത്. 11 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. 29 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതം 60 റണ്‍സാണ് ഇംഗ്ലിസ് നേടിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 8.2 ഓവറില്‍ നിന്ന് 109 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നീട് വന്ന നിക്കോളാസ് പൂരന്‍ 16(11), ക്യാപ്റ്റന്‍ റിഷഭ് പന്ത് 35(23) റണ്‍സ് വീതം നേടി.

ആയുഷ് ബദോനി റണ്ണൊന്നും നേടാതെ പുറത്തായപ്പോള്‍ അബ്ദുള്‍ സമദ് പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി യാഷ് രാജ് പഞ്ച രണ്ട് വിക്കറ്റുകളും ജോഫ്ര ആര്‍ച്ചര്‍ ഒരു വിക്കറ്റും വീഴ്ത്തി. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് കൂടി പരാജയപ്പെട്ടാല്‍ പ്ലേഓഫ് പ്രതീക്ഷകള്‍ക്ക് അത് കനത്ത തിരിച്ചടിയാകും.