ദേശീയ ഗെയിംസ്; പോരാട്ടം തുടങ്ങുന്നു 

Sunday 26 January 2025 8:36 AM IST

കേരളം ഇന്ന് ട്രയാത്തലോണിനിറങ്ങും

ഹല്‍ദ്വാനി: 38 ാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങുകൾ 28നാണെങ്കിലും പോരാട്ടങ്ങൾ ഇന്ന് തുടങ്ങും. കേരളവും ആദ്യ മത്സരത്തിനായി ഇന്ന് കളത്തിലിറങ്ങും.പുരുഷ വനിതാ വിഭാഗം വ്യക്തിഗത ട്രായാത്തലോണ്‍ മത്സരത്തിലാണ് കേരളം പങ്കെടുക്കുന്നത്. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ ഇന്റെര്‍നാഷണല്‍ താരം മുഹമ്മദ് റോഷനും , ശ്രീദത് സുധീറും കേരളത്തിന് വേണ്ടി മത്സരിക്കും. വനിതാ വിഭാഗത്തില്‍ ഹരിപ്രിയ എസ്, സാന്ത്രജ എസ് എന്നിവരാണ് മത്സരിക്കുന്നത്. രാവിലെ 11.00 ന് ഹല്‍ദ്വാനിയിലെ മനസ്‌കണ്ഡില്‍ വെച്ചാണ് മത്സരം. 750 മീറ്റര്‍ നീന്തല്‍ 20 കിലോ മീറ്റര്‍ സൈക്ലിംഗ്, 5 കിലോ മീറ്റര്‍ ഓട്ടവുമാണ് ഓരോ മത്സരാര്‍ത്ഥികളും പൂര്‍ത്തിയാക്കേണ്ടത്. സാധാരണയായി പുലര്‍ച്ചെ ആരംഭിക്കുന്ന ട്രയാത്തലോണ്‍ മത്സരങ്ങള്‍ കഠിനമായ തണുപ്പ് കാരണമാണ് 11 മണിക്ക് തുടങ്ങുന്ന രീതിയിൽ ക്രമീകരിച്ചത്.

എന്താണ് ട്രയാത്തലോണ്‍

നീന്തല്‍, സൈക്ലിംഗ്, ഓട്ടം എന്നിങ്ങനെ മൂന്ന് ഇനങ്ങള്‍ സമന്വയിപ്പിക്കുന്ന മള്‍ട്ടിസ്പോര്‍ട്ട് ഇനമാണ് ട്രയാത്ത്ലണ്‍. നീന്തല്‍ മത്സരത്തോടെ ആരംഭിച്ച് ഇടവേളകളില്ലാതെ സൈക്ലിംങും ഓട്ടവും നടത്തി ആദ്യം ഫിനിഷിംഗ് പോയിന്റില്‍ എത്തുന്നയാളാണ് ജേതാവ്. ഒളിമ്പിക്സിലും ട്രയാത്തലോണ്‍ ഉണ്ട്.