
ന്യൂഡൽഹി: പൊതുനിരത്തുകളിൽ നിസ്കാരം നടത്താൻ അനുവദിക്കില്ലെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയിൽ വിമർശനവുമായി ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീന്‍ (എഐഎംഐഎം) അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ഒരു വിഭാഗത്തിന്റെ ആരാധനാ കർമ്മങ്ങളെ മാത്രം ലക്ഷ്യമിട്ട് വിമർശനങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും നിയമങ്ങളും നിയന്ത്രണങ്ങളും എല്ലാ മതവിഭാഗങ്ങൾക്കും ഒരുപോലെ ബാധകമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൗരന്മാർക്ക് ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന ഉറപ്പുനൽകുന്ന 25-ാം അനുച്ഛേദം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പൊതുസ്ഥലങ്ങളിലെ നിസ്കാരത്തിനെതിരെ മാത്രം പൊതുജനങ്ങൾക്കിടയിൽ നിന്ന് എതിർപ്പുയരുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു. മറ്റ് മതത്തിലുള്ളവരുടെ ഘോഷയാത്രകളും ചടങ്ങുകളും നടക്കുമ്പോൾ ഇത്തരം ആശങ്കകൾ എന്തുകൊണ്ടാണ് ഉയരാത്തതെന്നും അസദുദ്ദീൻ ചോദിച്ചു.
" ഭരണഘടനയുടെ 25-ാം വകുപ്പ് നിങ്ങൾ ഓർക്കണം. റോഡിൽ പ്രാർത്ഥിക്കുന്നത് തെറ്റാണെങ്കിൽ മറ്റു മതങ്ങളുടെ ഉത്സവങ്ങൾ റോഡിലേക്ക് ഇറങ്ങുന്നതും തെറ്റാണ്.ഏതെങ്കിലും ഉത്സവത്തിന്റെ പേരിൽ മാംസ വിൽപ്പന ശാലകൾ അടച്ചിടണമെന്ന് നിങ്ങൾ പറയുകയാണെങ്കിൽ റമദാനിലെ 30 ദിവസങ്ങളിലും മദ്യക്കടകൾ അടച്ചിടാൻ തയ്യാറാകണം"- ഒവൈസി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളിൽ എതിർപ്പില്ലാത്ത ജനങ്ങൾക്ക് ബാങ്ക് വിളിക്കുന്നതിനും നിസ്കാരത്തിനും എതിരെയാണ് പരാതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്വേഷം മുസ്ലിമുകളോട് മാത്രമാണെന്നും മുസ്ലീം മതവിശ്വാസികളെ അടിച്ചമർത്താനും അവരെ പാർശ്വവൽക്കരിക്കാനുമാണ് എല്ലാവരും ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
പൊതുനിരത്തുകളിൽ ഗതാഗത തടസമുണ്ടാക്കുന്ന തരത്തിൽ നിസ്കാരം നടത്തുന്നത് കർശനമായി തടയുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിസ്കാരം കൃത്യമായ രീതിയിൽ ക്രമീകരിക്കണമെന്നും ആവശ്യമെങ്കിൽ ഘട്ടങ്ങളായി നടത്തണമെന്നും യോഗി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒവൈസിയുടെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |