രൺധീർ സിംഗ് അന്തരിച്ചു
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരനും കായിക ഭരണകർത്താവുമായ ഒളിമ്പ്യൻ രൺധീർ സിംഗ് അന്തരിച്ചു. 79 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ മുൻസെക്രട്ടറി ജനറലായ രൺധീർ സിംഗ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗവുമായിരുന്നു. ഇന്ന് ഹരിദ്വാറിലാണ് അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങുകൾ നടക്കുക.
5 ഒളമ്പിക്സുകൾ
1978ലെ ബാങ്കോക്ക് ഏഷ്യൻഗെയിംസിൽ വച്ചാണ് അദ്ദേഹത്തിന്റെ ചരിത്ര സ്വർണ നേട്ടം. ട്രാപ്പ് ഇനത്തിലായിരുന്നു അദ്ദേഹം ഏഷ്യൻ ഗെയിംസ് സ്വർണം വെടിവച്ചിട്ടത്. 1982ൽ ഡൽഹി വേദിയായ ഏഷ്യൻഗെയിംസിൽ ഷൂട്ടിംഗിൽ ടീമിനത്തിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിലും രൺധീർ അംഗമായിരുന്നു. രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. 1968 മുതൽ 84വരെയുള്ള കാലയളവിലായി 5 ഒളിമ്പ്ക്സുകളിലും അദ്ദേഹം പങ്കെടുത്തു. 1968ലെ ഒളിമ്പിക്സിൽ അദ്ദേഹത്തിന് 4 പോയിന്റ് വ്യത്യാസത്തിലാണ് വെങ്കലം നഷ്‌ടമായത്. നാല് ഏഷ്യൻ ഗെയിംസുകളിലും പങ്കെടുക്കാനായി.
1994ലെ ഹിരോഷിിമ ഏഷ്യൻ ഗെയിംസോടെയാണ് ഷൂട്ടിംഗ് കരിയർ അവസാനിപ്പിക്കുന്നത്.
മികച്ച കായിക ഭരണകർത്താവ്
മികച്ച ഭരണാധികാരിയെന്ന നിലയിലും അദ്ദേഹം വ്യകിതമുദ്ര പതിപ്പിച്ചു. 1984ൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടു.1987 മുതൽ 2012വരെ ഒളിമ്പിക് അസോസിയേഷന്റെ സെക്രട്ടറി ജനറലായിരുന്നു. 1987 മുതൽ 2010വരെ സ്‌പോർടസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഗവേണിംഗ് ബോർഡിലും അംഗമായിരുന്നു.
2001 മുതൽ 2014വരെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായിരുന്നു. ശേഷം അദ്ദേഹം ഓണററി അംഗമായി തുചർന്നു. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ഇന്ത്യക്കാരനായ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യക്ഷനായിരുന്നു രൺധീർ സിംഗ്. 1991മുതൽ 2015വരെ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ സെക്രട്ടറി ജനറലായിരുന്നു രൺധിർ സിംഗ്. ഈ സ്ഥാനത്തിരിക്കവെയാണ് അദ്ദേഹം 1994ലെ ഏഷ്യൻഗെയിംസിൽ മത്സരിക്കുന്നത്.
കുടുംബം
വിനിതയാണ് ഭാര്യ. ട്രാപ്പ് ഷൂട്ടർ രാജേശ്വരി കുമാരി,മഹിമ, സുനൈന എന്നിവരാണ് മക്കൾ.