ഹൈദരാബാദിനെ ഔട്ടാക്കി റോയൽ വൈഭവം'
ന്യൂചണ്ഡിഗഡ്: കൗമാര വിസ്മയം വൈഭവ് സൂര്യവംശി വെടിക്കെട്ട് ബാറ്റിംഗുമായി നിറഞ്ഞാടിയ ഐ.പി.എൽ ഏലിമനേറ്ററിൽ, രാജസ്ഥാൻ റോയൽസ് 47 റൺസിന് സൺറൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കി. ജയത്തോടെ രാജസ്ഥാൻ ക്വാളിഫയർ 2ൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാൻ യോഗ്യത ഉറപ്പിച്ചു. തോൽവിയോടെ ഹൈദരാബാദ് പുറത്തായി.
ന്യൂചണ്ഡിഗഡ് വേദിയായ ജീവൻ മരണ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ വൈഭവിന്റെ ബാറ്രിംഗിന്റെ പിൻബലത്തിൽ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് നേടി. മറുപടിക്കിറങ്ങിയ ഹൈദരാബാദ് 19.2 ഓവറിൽ 196 റൺസിന് ഓൾഔട്ടായി. 20 പന്തിൽ 38 റൺസെടുത്ത നിതീഷ് കുമാറാണ് ഹൈദരാബാദിന്റെ ടോപ്‌സ്കോറർ. ഇംപാക്‌ട് പ്ലെയർ സലിൽ അറോറ (21 പന്തിൽ 35), ഇഷാൻ കിഷൻ (11 പന്തിൽ 33),ശിവാംഗ് കുമാർ (27) എന്നിവരും അല്പനേരം പിടിച്ചു നിന്നു. രാജസ്ഥാനായി ജോഫ്ര ആർച്ചർ മൂന്നും ബർഗർ,ജഡേജ, ഇംപാക്‌ട് പ്ലെയർ സുശാന്ത് എന്നിവർ 2 വിക്കറ്ര് വീതവും വീഴ്‌ത്തി. ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ തന്നെ അപകടകാരിയായ അഭിഷേക് ശർമ്മയെ വിക്കറ്റ് കീപ്പർ ധ്രുവ് ജുറലിന്റെ കൈയിൽ എത്തിച്ച് ആർച്ചർ ഹൈദരാബാദിനെ ഞെട്ടിച്ചു.
വൈഭവാണ് താരം
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനായി വെറും 29 പന്തിൽ 12 കൂറ്റൻസിക്സുകളും 5ഫോറുമുൾപ്പെടെ 97റൺസാണ് പതിനഞ്ചുകാരൻ വൈഭവ് അടിച്ചുകൂട്ടിയത്. വൈഭവ് തന്നെയാണ് കളിയിലെ താരം. ജുറലും (21 പന്തിൽ 50) മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. യശ്വസി ജയ്സ്വാൾ (29), ക്യാപ്ടൻ റിയാൻ പരാഗ് (12 പന്തിൽ 26) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. യശ്വസിയെ ഒരറ്റത്ത് നിറുത്തി രാജസ്ഥാന് ഗംഭീര തുടക്കമാണ് വൈഭവ് നൽകിയത്. ഹൈദരാബാദ് ക്യാപ്ടൻ പാറ്റ് കമ്മിൻസ് എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിൽ സിക്സടിച്ചാണ് വൈഭവ് വെടിക്കെട്ട് ആരംഭിച്ചത്. മൂന്നാം ഓവറിൽ കമ്മിൻസിനെതിരെ വൈഭവ് ഹാട്രിക്ക് സിക്സടിച്ചു. ആ ഓവറിൽ പിറന്നത് 25 റൺസാണ്. 4-ാം ഓവറിൽ സാകിബിനെതിരെ തുടർച്ചയായ രണ്ട് സിക്സടിച്ച് വൈഭവ് 16 പന്തിൽഅർദ്ധ സെഞ്ച്വറി കുറിച്ചു. പവർപ്ലേയിൽ രാജസ്ഥാൻ 80 റൺസെടുത്തു. ടീംസ്കോർ 125ൽ വച്ച് സെഞ്ച്വറിക്കരികെ വൈഭവിനെ പ്രഫുലിന്റെ പന്തിൽ സ്മരൺ പിടികൂടുകയായിരുന്നു. 49 പന്തിൽ യശ്വസിക്കൊപ്പം 125 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമായിരുന്നു വൈഭവിന്റെ മടക്കം. പിന്നാലെ യശ്വസിയെ ശിവാംഗ് കുമാർ മടക്കി. മൂന്നാം വിക്കറ്റിൽ ജുറലും പരാഗും 21 പന്തിൽ 55 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി സ്കോറിംഗ് വേഗം നിലനിറുത്തി. അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയതിന് പിന്നാലെ ജുറലിനെ പ്രഫുൽ മടക്കി. അധികം വൈകാതെ പരാഗിനെയും പ്രഫുൽ മടക്കിയതോടെ ഹൈദരാബാദിന് അശ്വാസമായി. അവസാന ഓവറുകളിൽ റണ്ണൊഴുക്കിന് തടയിടാനും അവർക്കായി. പ്രഫുൽ 3 വിക്കറ്റ് വീഴ്‌ത്തി.
ആർ.സി.ബിയുടെ എതിരാളിയെ നാളെ അറിയാം.
ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ ഫൈനൽ ലക്ഷ്യമിട്ട് നാളെ ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. ന്യൂചണ്ഡിഗഡ് സ്റ്റേഡിയത്തിൽ രാത്രി 7.30മുതലാണ് മത്സരം. .
റെക്കാഡ് വൈഭവം
61- ഐ.പി.എല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമായി ഇന്നലത്തെ ഇന്നിംഗ്‌സോടെ വൈഭവ് സൂര്യവംശി. താരം ഈ സീസണിൽ നേടിയത് 61 സിക്സുകളാണ്. ക്രിസ് ഗെയിലിന്റെ (59, 2012ൽ) പേരിലുണ്ടായിരുന്ന റെക്കാഡാണ് വൈഭവ് തിരുത്തിയത്.
600- ഐ.പി.എല്ലിൽ ഒരു സീസണിൽ 600 റൺസ് തികയ്ക്കുന്ന ഏറ്രവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡും വൈഭവ് സ്വന്തമാക്കി.
16- ഐ.പി.എൽ പ്ലേഓഫിൽ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി നേടിയവരിൽ സുരേഷ് റെയ്ഡനയ്ക്കൊപ്പം (2014 ചെന്നൈ) ഒന്നാമതെത്തി വൈഭവ്. ഇരുവരും 16 പന്തിലാണ് അർദ്ധ സെഞ്ച്വറി തികച്ചത്.
5- പവർപ്ലേയിൽ വൈഭവിന്റെ 5-ാം അർദ്ധ സെഞ്ച്വറിയാണിത്.
243/8- ഐ.പി.എല്ലിൽ രാജസ്ഥാന്റെ ഏറ്റവും ഉയർന്ന ടോട്ടലാണ് ഇന്നലത്തേത്.