ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ വിനേഷിന് സുപ്രീം കോടതി അനുമതി
ന്യൂഡൽഹി: ഇന്നും നാളെയുമായി ഡൽഹി ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ ഗുസ്‌തി താരം വിനേഷ് ഫോഗാട്ടിന് പങ്കെടുക്കാൻ സുപ്രീംകോടതിയും അനുമതി നൽകി. ഡൽഹി ഹൈക്കോടതി വിനേഷിന് അനുകൂലമായി നിലപാടെടുത്തിരുന്നു. ഇതിനെതിരെ റസ്‌ലിംഗ് ഫെഡറേഷൻ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ,അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ ഇടപെട്ടില്ല. വിനേഷ് ട്രയൽസിൽ പങ്കെടുക്കട്ടെ. ജൂൺ 1ന് വീണ്ടും പരിഗണിക്കാമെന്ന് വ്യക്തമാക്കി. വിനേഷിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.
അതേസമയം, വിനേഷ് ഉത്തേജക മരുന്ന് പരിശോധന അവഗണിച്ചതിൽ കോടതി ചോദ്യമുന്നയിച്ചു. 2025 ജൂലായിൽ മാതാവായി. 2026 ജനുവരി 1 മുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുമെന്ന് ഇന്റർനാഷണൽ ടെസ്റ്റിംഗ് ഏജൻസി താരത്തിന് കത്തു നൽകിയിരുന്നു. എന്നാൽ ഉത്തേജക മരുന്ന് പരിശോധനയ്‌ക്ക് തയ്യാറായിരുന്നില്ല. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്നായിരുന്നു വിശദീകരണം. ഏജൻസിക്കത് തൃപ്‌തികരമായി തോന്നിയില്ല. രാജ്യാന്തര മത്സരങ്ങളിൽ അയോഗ്യതയുണ്ടായാൽ അത് രാജ്യത്തെ ബാധിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിനേഷ് മികച്ച ഗുസ്‌തി താരമാണ്. എന്നാൽ രാജ്യത്തിനാണ് പ്രഥമ പരിഗണന.
സ്വതന്ത്ര നിരീക്ഷകരുടെ മേൽനോട്ടം
വിനേഷിന്റെ ട്രയൽസുമായി ബന്ധപ്പെട്ട നടപടികളുടെ മേൽനോട്ടത്തിന് രണ്ട് സ്വതന്ത്ര നിരീക്ഷകരെ കേന്ദ്രസർക്കാർ നിയോഗിക്കണമെന്ന് ഡൽഹി ഹൈക്കോടതി നിർദ്ദേശമുണ്ട്. റസ്‌ലിംഗ് ഫെഡറേഷനെ രൂക്ഷമായി വിമർശിച്ചിരുന്നു. വിനേഷിന് ഫെഡറേഷൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിലെ വാക്കുകൾ ദുരുദ്ദ്യേശത്തോടെയുള്ളതാണ്. ശരീരഭാരം 100 ഗ്രാം കൂടിയതിന് പാരീസ് ഒളിമ്പിക്‌സിൽ വിനേഷിനെ അയോഗ്യയാക്കിയതിനെ 'ദേശീയ നാണക്കേടാണെന്നാണ്' നോട്ടീസിൽ ഫെഡറേഷൻ കുറ്റപ്പെടുത്തിയത്. വിനേഷ് ഒരു തെറ്രും ചെയ്‌തിട്ടില്ലെന്ന് കോർട്ട് ഒഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് കണ്ടെത്തിയിട്ടും ഇത്തരത്തിൽ പരാമർശം നടത്തിയത് പ്രതികാരബുദ്ധിയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.