ഗില്ലിലേറി ടൈറ്റാൻസ് ഫൈനലിൽ

Saturday 30 May 2026 1:32 AM IST

രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റാൻസ് രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചു

ഗുജറാത്ത് ടൈറ്റാൻസ് - ആർ.സി.ബി ഫൈനൽ ഞായറാഴ്ച

വൈഭവിന്റെ (96) പോരാട്ടം പാഴായി

മുള്ളൻപുർ: രാജസ്ഥാൻ റോയൽസിനെതിരായ ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ നെഞ്ചുവിരിച്ചുനിന്ന് പോരാടിയ നായകൻ ശുഭ്മാൻ ഗില്ലിന്റെ (104) സെഞ്ച്വറിയുടെ മികവിൽ ഏഴുവിക്കറ്റിന് രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റാൻസ് ഫൈനലിലെത്തി. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ടൈറ്റാൻസ് ആർ.സി.ബിയെ നേരിടും. കഴിഞ്ഞദിവസം ആദ്യ ക്വാളിഫയറിൽ ടൈറ്റാൻസ് ആർ.സിബിയോട് തോറ്റതിനാലാണ് ഇന്നലെ രണ്ടാം ക്വാളിഫയറിന് ഇറങ്ങേണ്ടിവന്നത്.

ഇന്നലെ മുള്ളൻപുരിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 214/6 എന്ന സ്കോർ ഉയർത്തിയപ്പോൾ ഗുജറാത്തിനെ ഏഴ് വിക്കറ്റുകളും 8 പന്തുകളും ബാക്കിനിൽക്കേ ലക്ഷ്യത്തിലെത്തിച്ചത് നായകൻ ശുഭ്മാൻ ഗില്ലിന്റെ (53 പന്തുകളിൽ 15 ഫോറും 3 സിക്സുമടക്കം104 റൺസ്) സെഞ്ച്വറിയും സഹ ഓപ്പണർ സായ് സുദർശന്റെ (32പന്തുകളിൽ 58) അർദ്ധസെഞ്ച്വറിയുമായിരുന്നു. ഇരുവരും ആദ്യ വിക്കറ്റിൽ 12.5 ഓവറിൽ കൂട്ടിച്ചേർത്തത് 167 റൺസ്. സായ് കഴിഞ്ഞകളിയിലേതുപോലെ ഹിറ്റ്‌വിക്കറ്റായെങ്കിലും ഗിൽ സീസണിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയശേഷമാണ് മടങ്ങിയത്. തുടർന്ന് വാഷിംഗ്ടൺ സുന്ദറും (16) പുറത്തായെങ്കിലും ബട്ട്‌ലറും (9*)തേവാത്തിയയും(17*) ചേർന്ന് വിജയത്തിലെത്തിച്ചു.

കൗമാരതാരം വൈഭവ് സൂര്യവംശി(96) തകർത്തടിച്ചാണ് രാജസ്ഥാനെ 214ൽ എത്തിച്ചത്. തുടക്കത്തിൽ ഒരറ്റത്ത് വിക്കറ്റുകൾ പൊഴിഞ്ഞപ്പോൾ പതിയെയായെങ്കിലും പിന്നീട് കയറിക്കൊളുത്തിയ വൈഭവ് തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറിക്ക് അരികിലെത്തി പുറത്താവുകയായിരുന്നു. 47 പന്തുകളിൽ എട്ടുഫോറും ഏഴു സിക്സുകളുമടക്കമാണ് വൈഭവ് 96 റൺസടിച്ചത്.

ആദ്യ ഓവറിൽ യശസ്വി ജയ്സ്വാളിനെ (1) പുറത്താക്കി മികച്ച തുടക്കമാണ് സിറാജ് രാജസ്ഥാന് നൽകിയത്. രണ്ടാം ഓവറിൽ ധ്രുവ് ജുറേലിനെ (7) റബാദയും മടക്കിഅയച്ചു. 9/2 എന്ന നിലയിൽ ക്രീസിൽ ഒരുമിച്ച രവീന്ദ്ര ജഡേജയും (45 നോട്ടൗട്ട്) വൈഭവും ചേർന്നാണ് രാജസ്ഥാനെ കരകയറ്റിയത്. ടീം സ്കോർ 82ൽ വച്ച് ജഡേജ പരിക്കേറ്റ് മടങ്ങിയെങ്കിലും റ യാൻ പരാഗ് (11),ദാസുൻ ഷനക (3), ജൊഫ്ര ആർച്ചർ (7) എന്നിവർ പുറത്തായതോടെ തിരിച്ചുവന്നു. 18-ാം ഓവറിൽ ടീം സ്കോർ 172ൽ നിൽക്കുമ്പോഴാണ് റബാദയുടെ പന്തിൽ വൈഭവ് പ്രസിദ്ധ് കൃഷ്ണയ്ക്ക് ക്യാച്ച് നൽകി മടങ്ങിയത്. തുടർന്ന് ജഡേജയും ഡൊണോവൻ ഫെരേരയും(11 പന്തുകളിൽ 38 റൺസ്) ചേർന്ന് 200 കടത്തി. അവസാന ഓവറിൽ റാഷിദ് ഖാനെതിരെ ഫെരേര നാലുസിക്സുകളടിച്ചു.

1028

ഐ.പി.എൽ കരിയറിൽ 1000 റൺസ് കടന്ന് വൈഭവ് സൂര്യവംശി.വെറും 23 ഇന്നിംഗ്സുകളിൽ നിന്നാണ് ഈ നേട്ടം.

5

ഈ സീസണിലെ അഞ്ചാം അർദ്ധസെഞ്ച്വറിയാണ് വൈഭവ് ഇന്നലെ നേടിയത്. ഒരു സെഞ്ച്വറിയും നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 90കടന്ന് പുറത്തായി.

776

റൺസാണ് ഈ സീസണിലെ 16 ഇന്നിംഗ്സുകളിൽ നിന്ന് നേടിയത്. ടൂർണമെന്റിലെ ടോപ് സ്കോറർ.