ജയിച്ചിട്ടും ഹൈദരാബാദിന് മൂന്നാം സ്ഥാനം; ഫൈനലിലെത്താന്‍ രണ്ട് കളി ജയിക്കണം
ഹൈദരാബാദ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ 55 റണ്‍സിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അതേസമയം മത്സരത്തില്‍ വിജയിച്ചുവെങ്കിലും ഹൈദരാബാദിന് മൂന്നാം സ്ഥാനത്ത് ആണ് ലീഗ് ഘട്ടം അവസാനിപ്പിക്കാന്‍ കഴിഞ്ഞത്. ഗുജറാത്ത് ടൈറ്റന്‍സിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്താന്‍ മത്സരത്തില്‍ 90 റണ്‍സിന് ജയിക്കണമായിരുന്നു ഹൈദരാബാദിന്. എന്നാല്‍ 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടുകയായിരുന്നു.
വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്കായി ഓപ്പണര്‍ വെങ്കിടേഷ് അയ്യര്‍ മികച്ച തുടക്കമാണ് നല്‍കിയത്. 19 പന്തുകളില്‍ നിന്ന് 44 റണ്‍സാണ് താരം നേടിയത്. വിരാട് കൊഹ്ലി 15(11) റണ്‍സ് നേടി പുറത്തായപ്പോള്‍ മലയാളി താരം ദേവദത്ത് പടിക്കലിന്റെ സംഭാവന 21(14) റണ്‍സായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 56(39) റണ്‍സ് നേടി പുറത്തായി. ടിം ഡേവിഡ് 15*(7), ക്രുണാല്‍ പാണ്ഡ്യ 41*(31) എന്നിവര്‍ പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സാണ് അടിച്ച് കൂട്ടിയത്. ടോപ് 2 ഫിനിഷ് ഉറപ്പിക്കാന്‍ നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തണമെന്നതിനാല്‍ ആദ്യ ഓവര്‍ മുതല്‍ ആക്രമിച്ച് കളിക്കുകയായിരുന്നു ഹൈദരാബാദ് ബാറ്റര്‍മാര്‍. അര്‍ദ്ധ സെഞ്ച്വറികളുമായി അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, ഹെയ്ന്റിച്ച് ക്ലാസന്‍ എന്നിവരാണ് സണ്‍റൈസേഴ്സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍ ട്രാവിസ് ഹെഡ് 26(16) റണ്‍സ് നേടി പുറത്തായപ്പോള്‍ അഭിഷേക് ശര്‍മ്മ 22 പന്തുകളില്‍ നിന്ന് 56 റണ്‍സാണ് നേടിയത്. നാല് ഫോറും അഞ്ച് സിക്സറുകളുമാണ് താരം നേടിയത്.
46 പന്തുകളില്‍ മൂന്ന് സിക്സറും എട്ട് ബൗണ്ടറിയും ഉള്‍പ്പെടെ 79 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ടോപ് സ്‌കോറര്‍. ഹെയ്ന്റിച്ച് ക്ലാസന്‍ 51(24) റണ്‍സ് നേടി. അഞ്ച് സിക്സറുകളും രണ്ട് ബൗണ്ടറിയുമാണ് ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്ററുടെ ഇന്നിംഗ്സില്‍ ഉള്‍പ്പെടുന്നത്.ആര്‍സിബി ബൗളര്‍മാര്‍ എല്ലാവരും കണക്കിന് തല്ല് വാങ്ങി. റാസിക് ദാര്‍ സലാം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സുയാഷ് ശര്‍മ്മ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.