ആര്‍സിബിയെ പഞ്ഞിക്കിട്ട് ഹൈദരാബാദ്; ടോപ് 2 ഫിനിഷിന് 'കൂട്ടയടി'
ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആര്‍സിബിക്ക് 256 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സാണ് അടിച്ച് കൂട്ടിയത്. ടോപ് 2 ഫിനിഷ് ഉറപ്പിക്കാന്‍ നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തണമെന്നതിനാല്‍ ആദ്യ ഓവര്‍ മുതല്‍ ആക്രമിച്ച് കളിക്കുകയായിരുന്നു ഹൈദരാബാദ് ബാറ്റര്‍മാര്‍. അര്‍ദ്ധ സെഞ്ച്വറികളുമായി അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, ഹെയ്ന്റിച്ച് ക്ലാസന്‍ എന്നിവരാണ് സണ്‍റൈസേഴ്‌സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
ഓപ്പണര്‍ ട്രാവിസ് ഹെഡ് 26(16) റണ്‍സ് നേടി പുറത്തായപ്പോള്‍ അഭിഷേക് ശര്‍മ്മ 22 പന്തുകളില്‍ നിന്ന് 56 റണ്‍സാണ് നേടിയത്. നാല് ഫോറും അഞ്ച് സിക്‌സറുകളുമാണ് താരം നേടിയത്. 46 പന്തുകളില്‍ മൂന്ന് സിക്‌സറും എട്ട് ബൗണ്ടറിയും ഉള്‍പ്പെടെ 79 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ടോപ് സ്‌കോറര്‍. ഹെയ്ന്റിച്ച് ക്ലാസന്‍ 51(24) റണ്‍സ് നേടി. അഞ്ച് സിക്‌സറുകളും രണ്ട് ബൗണ്ടറിയുമാണ് ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്ററുടെ ഇന്നിംഗ്‌സില്‍ ഉള്‍പ്പെടുന്നത്.
മത്സരത്തില്‍ 90 റണ്‍സിന് വിജയിച്ചാല്‍ മാത്രമേ ഹൈദരാബാദിന് ടോപ് 2 ഫിനിഷ് ഉറപ്പിക്കാനാകു. അതായത് ആര്‍സിബിയെ 165 റണ്‍സില്‍ പിടിച്ചുനിര്‍ത്തണം. ആര്‍സിബി ബൗളര്‍മാര്‍ എല്ലാവരും കണക്കിന് തല്ല് വാങ്ങി. റാസിക് ദാര്‍ സലാം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സുയാഷ് ശര്‍മ്മ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.