ക്രിക്കറ്റോ അതോ വീഡിയോ ഗെയ്‌മോ? 29ല്‍ 17 പന്തുകളിലും ബൗണ്ടറികള്‍

Wednesday 27 May 2026 9:01 PM IST

ന്യൂ ചണ്ഡീഗഡ്: ആകെ നേരിട്ടത് 29 പന്തുകള്‍, അതില്‍ 12 സിക്‌സും അഞ്ച് ഫോറും. വീഡിയോ ഗെയ്മില്‍ അല്ല, ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് സ്റ്റാറ്റ്‌സ് ആണിത്. ലോകോത്തര പേസറും ഓസ്‌ട്രേലിയയുടെ ലോകകപ്പ് ജേതാവായ നായകനുമായ പാറ്റ് കമ്മിന്‍സ് ഉള്‍പ്പെടെയുള്ള ബൗളിംഗ് നിര 15കാരന് മുന്നില്‍ നിസഹായരായി.

29 പന്തുകളില്‍ നിന്ന് 17 ബൗണ്ടറികള്‍ പായിച്ച താരം പ്രഫുല്‍ ഹിംഗെയുടെ പന്തില്‍ ഡീപ് തേഡ് മാനില്‍ ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോള്‍ നേടിയത് 97 റണ്‍സ്. അര്‍ഹിച്ച സെഞ്ച്വറി വെറും മൂന്ന് റണ്‍സ് അകലെ നഷ്ടമായതിന്റെ നിരാശയിലാണ് ബാറ്റിംഗ് താണ്ഡവത്തിന് ശേഷം വൈഭവ് ക്രീസ് വിട്ടത്. എതിര്‍ ടീം താരങ്ങളും സഹതാരങ്ങളും കാണികള്‍ ഒന്നടങ്കവും കയ്യടിച്ചെങ്കിലും പുറത്തായതിന്റെ നിരാശയായിരുന്നു കുട്ടിത്തം വിട്ടുമാറാത്ത വൈഭവിന്റെ മുഖം നിറയെ.

വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ ഒരു സീസണിലെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരം എന്ന റെക്കോഡും സൂര്യവംശി സ്വന്തം പേരിലാക്കി. വിന്‍ഡീസ് മുന്‍ താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് വൈഭവ് തിരുത്തിയെഴുതിയത്. 28 പന്തില്‍ 97 എന്ന നിലയില്‍ നില്‍ക്കെ ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന നേട്ടത്തിലേക്ക് സിക്‌സറിലൂടെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് താരം പുറത്തായത്.