
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ 'പാറ്റ' പരാമർശം വഴിതെളിച്ചത് രാജ്യത്തെ ഇളക്കിമറിച്ച ചർച്ചകളിലേക്കും കോക്രോച്ച് ജനതാ പാർട്ടിയുടെ രൂപീകരണത്തിലേക്കുമാണ്. തൊഴിൽരഹിതരായ ചെറുപ്പക്കാർ പാറ്റകളെപ്പോലെയാണെന്നും അവർ സിസ്റ്റത്തെ ആക്രമിക്കാൻ തുടങ്ങിയെന്നുമായിരുന്നു ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്.
പാറ്റകളെന്ന അഭിസംബോധനയിൽ നിന്നും ലക്ഷങ്ങൾ ഫോളോവേഴ്സുള്ള ഒരു ഓൺലൈൻ കൂട്ടായ്മ രൂപപ്പെട്ടു. ആ കൂട്ടായ്മ യുവതലമുറയെയും ജെൻസി വിഭാഗത്തെയും വലിയ രീതിയിൽ ആകർഷിക്കുകയും ആക്ഷേപഹാസ്യത്തിലൂന്നി നിരവധി ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു. സമൂഹമാദ്ധ്യമങ്ങളിൽ ഹിറ്റായ സിജെപി അക്കൗണ്ടുകൾ പല തവണ പൂട്ടിച്ചു. സ്ഥാപകനായ അഭിജീത് ദീപ്‌കെ തുടങ്ങിയ പുതിയ അക്കൗണ്ടുകളിലേക്കും ഫോളോവേഴ്സ് കുതിച്ചുയർന്നുകൊണ്ടേയിരുന്നു.
എന്തുകൊണ്ടാണ് സിജെപിയുടെ അക്കൗണ്ട് നിരന്തരം അടച്ചുപൂട്ടുന്നത്? 'പാറ്റ'കളെ ആർക്കാണ് ഭയം? സാമൂഹിക മാദ്ധ്യമങ്ങളിലെ മീമുകളും ആക്ഷേപഹാസ്യങ്ങളും ഉപയോഗിച്ച് ഭരണ-പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ നേതാക്കളുടെ പൊള്ളയായ വാഗ്ദാനങ്ങളെയും തൊഴിലില്ലായ്മയെയും ഈ കൂട്ടായ്മ ചോദ്യം ചെയ്യുന്നു. കോക്രോച്ച് ജനതാ പാർട്ടി എന്ന പേരിൽ പ്രവർത്തിക്കുന്ന സമൂഹമാദ്ധ്യ അക്കൗണ്ടുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് രഹസ്യാന്വേഷണ വിഭാഗം കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് ഈ ഓൺലൈൻ മുന്നേറ്റം വലിയ വെല്ലുവിളിയായി മാറുന്നതിനാൽ വിവിധ മേഖലകളിൽ നിന്ന് സിജെപിക്കെതിരെയുള്ള പ്രവത്തനങ്ങൾ സജീവമാണ്. ജനാധിപത്യത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്ന ആരോപണം ഉയർത്തി മറ്റുചില കേന്ദ്രങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അരാജകത്വം കൊണ്ട് ജനാധിപത്യത്തെ തകർക്കാനാവില്ലെന്നാണ് ബിജെപി ഈ വിഷയത്തിൽ പ്രതികരിച്ചത്.
ഇന്ത്യയിലെ തൊഴിലില്ലായ്മ, രാഷ്ട്രീയ അസ്ഥിരത, ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധം എന്നിവ സിജെപി ചർച്ചാ വിഷയങ്ങളാക്കിയതോടെ പ്രതികൂലിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു. നിലവിലെ വ്യവസ്ഥിതികളോടും സാമ്പത്തിക പ്രതിസന്ധികളോടുമുള്ള ചെറുപ്പക്കാരുടെ നിരാശയും അമർഷവും ഈ ക്യാംപെയിനിലൂടെ പുറത്തുവരാൻ തുടങ്ങി. ഇതുവരെ ശീലിച്ച രീതികളിൽ നിന്നും വ്യത്യസ്തമായി സമൂഹമാദ്ധ്യമങ്ങളിലെ നൂതന വിദ്യകൾ ഉപയോഗപ്പെടുത്തി ഒരുപാട് ആളുകളിലേക്ക് തങ്ങളുടെ ആശയം എത്തിക്കാൻ സിജെപിക്ക് സാധിച്ചു. കൂടുതലും യുവാക്കളാണ് ഇതിലെ അംഗങ്ങൾ എന്നുള്ളതും ഭരണപക്ഷത്തെ അലോസരപ്പെടുത്തുന്നു.
സുതാര്യമായ ഭരണം, കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം, വിവരാവകാശത്തിന്റെ പ്രാധാന്യം തുടങ്ങിയവയാണ് സിജെപിയുടെ പ്രധാന ആശയങ്ങൾ. ഈ ക്യാംപെയിൻ നിയമപരമായി നിലനിൽക്കുന്ന ഒന്നല്ലെങ്കിലും സമൂഹത്തിലെ അസമത്വങ്ങൾക്കെതിരെ യുവതലമുറ എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ കൂട്ടായ്മ നൽകുന്നത്. പ്രതിഷേധത്തിന് പുതിയ മാനമൊരുക്കുന്ന സിജെപിയുടെ ആയുസ് ഇപ്പോഴും ചോദ്യചിഹ്നമായി തന്നെ നിലനിൽക്കുകയാണ്. ഈ കൂട്ടായ്മയുടെ നാടകീയ വളർച്ചയെ രാജ്യത്തെ ഭരണ-പ്രതിപക്ഷ സംവിധാനങ്ങൾ ഭയക്കുന്നുണ്ട്. തങ്ങൾക്കു നേരെ ഉയരുന്ന ചോദ്യങ്ങൾ ഇല്ലാതാക്കുക എന്നത് മാത്രമാണ് സിജെപിയുടെ തകർച്ച ആഗ്രഹിക്കുന്നവർ ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |