'വൈഭവ് മാജിക്കിന്' പുറകേ പരസ്യ കമ്പനികളും; കോടികൾ പ്രതിഫലം വാങ്ങുന്ന പതിനഞ്ചുകാരൻ
ന്യൂഡൽഹി: ഐപിഎല്ലിൽ ഈ സീസണിലെ അവിശ്വസനീയമായ പ്രകടനത്തിന് ശേഷം വൈഭവ് സൂര്യവംശിയുടെ പ്രതിഫലവും പരസ്യ വരുമാനവും കുത്തനെ വർദ്ധിക്കുന്നു. രാജസ്ഥാൻ റോയൽസ് നൽകുന്ന അടിസ്ഥാന കരാർ തുക 1.10 കോടി രൂപയാണെങ്കിലും ബോണസുകളും മാച്ച് ഫീസും ചേർത്ത് ഈ സീസണിൽ മാത്രം 2.5 കോടിയിലധികം രൂപയാണ് താരം നേടിയത്. ഇതിനുപുറമെ പരസ്യ പ്രതിഫലവും കുത്തനെ കൂട്ടിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
ഐപിഎല്ലിലെ ഉജ്ജ്വല പ്രകടനത്തിനുശേഷം പ്രമുഖ കമ്പനികൾ പരസ്യത്തിനായി പതിനഞ്ചുകാരനായ വൈഭവിനെ തേടിയെത്തുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഐപിഎല്ലിന് മുമ്പ് ഒരുകോടി രൂപയ്ക്കാണ് വൈഭവ് ചില ബ്രാൻഡുകളുമായി കരാർ ഒപ്പിട്ടിരുന്നത്. കോംപ്ലാൻ, റെഡ് ബുൾ എന്നിവയുമായുള്ള വൈഭവിന്റെ കരാറുകൾ ഒരു കോടി രൂപയ്ക്കായിരുന്നു. എന്നാൽ ഇപ്പോൾ പരസ്യ പ്രതിഫലമായി 1.5 മുതൽ 2 കോടി വരെയാണ് വാങ്ങുന്നതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
കളിക്കുന്ന ഓരോ മത്സരത്തിലും വിസ്മയം നിറയ്ക്കുന്ന വൈഭവിനെ തേടി നിരവധി അവസരങ്ങളാണ് വരുന്നത്. ഈ സീസണിൽ ടൂർണമെന്റിലെ താരവും ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയതിനുള്ള ഓറഞ്ച് ക്യാപ്പും ഉൾപ്പെടെ അഞ്ച് അവാർഡുകളാണ് വൈഭവ് സ്വന്തമാക്കിയത്. മികച്ച പ്രകടനം തന്റെ ബ്രാൻഡ് മൂല്യം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനും താരത്തെ സഹായിച്ചു.