ഇറാനിൽ വീണ്ടും അമേരിക്കയുടെ ആക്രമണം; ലക്ഷ്യംവച്ചത് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും കപ്പലുകളും
ടെഹ്‌റാൻ: വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടെ ഇറാനിയൻ കപ്പലുകൾക്കും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്കുംനേരെ ആക്രമണം നടത്തി അമേരിക്ക. തെക്കൻ ഇറാനിലാണ് ആക്രമണമുണ്ടായത്. മൈനുകൾ സ്ഥാപിക്കുന്ന പ്രവർത്തനത്തിലേർപ്പെട്ടിരുന്ന കപ്പലുകളെയാണ് ആക്രണമിച്ചതെന്നും പ്രതിരോധ നടപടിയാണെന്നുമാണ് അമേരിക്കയുടെ വിശദീകരണം.
ഇറാനിയൻ സേന ഉയർത്തുന്ന ഭീഷണികളിൽ നിന്ന് സൈനികരെ സംരക്ഷിക്കുന്നതിനാണ് ആക്രമണങ്ങൾ നടത്തിയതെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രസ്താവനയിൽ പറയുന്നത്. 'വെടിനിർത്തൽ സമയത്തും സേനയെ പ്രതിരോധിക്കുന്നത് തുടരുന്നു' -എന്നാണ് സെൻട്രൽ കമാൻഡ് വക്താവും നേവി ക്യാപ്റ്റനുമായ ടിം ഹോക്കിൻസ് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന തെക്കൻ തുറമുഖ നഗരവുമായ ബന്ദർ അബ്ബാസിനടുത്തുള്ള പ്രദേശമാണ് ലക്ഷ്യംവച്ചതെന്ന് ഹോക്കിൻസ് പറയുന്നു. ഇറാനിയൻ നാവിക താവളവും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.
ഇസ്രയേൽ, യുഎസ് എന്നിവരുമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ സംബന്ധിച്ച് ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്താൻ ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർ ദോഹയിൽ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. എന്നാൽ ആക്രമണത്തിൽ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാൻ തങ്ങളുടെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. 'സമ്പുഷ്ട യുറേനിയം ഉടനടി അമേരിക്കയ്ക്ക് കൈമാറുകയും ഇവിടെ കൊണ്ടുവന്ന് നശിപ്പിക്കുകയും ചെയ്യും. അല്ലെങ്കിൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഏകോപനത്തോടെ സ്വീകാര്യമായ മറ്റൊരു സ്ഥലത്ത് നശിപ്പിക്കും. അറ്റോമിക് എനർജി കമ്മിഷൻ അല്ലെങ്കിൽ അതിന് തുല്യമായ സ്ഥാപനം ഈ പ്രക്രിയയ്ക്കും സംഭവത്തിനും സാക്ഷിയാകുന്ന തരത്തിലായിരിക്കും ഇത് നടക്കുക'- എന്നാണ് ട്രംപ് വ്യക്തമാക്കിയത്.