നർഗീസ് മുഹമ്മദിക്ക് ജാമ്യം

Tuesday 12 May 2026 7:48 AM IST

ടെഹ്റാൻ: സമാധാന നൊബേൽ ജേതാവായ ഇറാനിയൻ ആക്ടിവിസ്റ്റ് നർഗീസ് മുഹമ്മദിക്ക് (54) ജാമ്യം. ആരോഗ്യനില മോശമായതോടെയാണ് നടപടി. നർഗീസിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ടെഹ്റാനിലെ ആശുപത്രിയിലേക്ക് മാറ്റി. സൻജാനിലെ ജയിലിൽ കുഴഞ്ഞുവീണ നർഗീസ് പത്ത് ദിവസമായി ഒരു പ്രാദേശിക ആശുപത്രിയിൽ കഴിയുകയായിരുന്നു. ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മൂലം അവശനിലയിലായ നർഗീസിന് സംസാരിക്കാൻ പോലുമാകുന്നില്ലെന്നാണ് റിപ്പോർട്ട്. ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ നർഗീസിന് നിലവിൽ 18 വർഷത്തെ ജയിൽ ശിക്ഷയാണുള്ളത്. സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.