ഹമാസ് സായുധ വിഭാഗം മേധാവിയെ വധിച്ചു കൊല്ലപ്പെട്ടത് ഇസ്രയേൽ ആക്രമണത്തിന്റെ സൂത്രധാരൻ

Sunday 17 May 2026 1:20 AM IST

ടെൽ അവീവ്: ഹമാസിന്റെ സായുധ വിഭാഗം കമാൻഡറായ എസ്സുദ്ദീൻ അൽ-ഹദ്ദാദിനെ വധിച്ച് ഇസ്രയേൽ. കഴിഞ്ഞ ദിവസം ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സംസ്കാരം ഇന്നലെ മദ്ധ്യ ഗാസയിലെ അൽ അഖ്സ ശുഹദാ മസ്ജിദിൽ നടന്നു.

2023 ഒക്ടോബർ 7ന് ഇസ്രയേലിന് നേരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളും ഹമാസിന്റെ സൈനിക വിഭാഗത്തിൽ അവശേഷിച്ചിരുന്ന അവസാനത്തെ മുതിർന്ന കമാൻഡർമാരിൽ ഒരാളുമായിരുന്നു ഹദ്ദാദ്. ഇസ്രയേലി തടവുകാരെ ഹമാസിന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചതിനു പിന്നിൽ ഹദ്ദാദായിരുന്നുവെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

അനുയായികളുടെ

'പ്രേതം"

2025 മേയ് മാസത്തിൽ മുഹമ്മദ് സിൻവറിനെ ഇസ്രയേൽ വധിച്ചതിന് ശേഷം ഗാസയിലെ ഹമാസിന്റെ സൈനിക തലവനായി ചുമതലയേറ്റു. ഇസ്രയേലിന്റെ പല വധശ്രമങ്ങളിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടതിനാൽ ഹമാസ് അനുയായിക്കിടയിൽ 'പ്രേതം' എന്നറിയപ്പെട്ടു. 1980കളിൽ ഹമാസ് രൂപീകൃതമായ കാലം മുതൽ സംഘടനയിൽ പ്രവർത്തിക്കുന്ന ഹദ്ദാദ് പല മുതിർന്ന പദവികളും കൈകാര്യം ചെയ്തിട്ടുണ്ട്.