ഭീകരതയുടെ തലച്ചോറ്, ഐസിസ് തലവൻ മിനൂക്കിയെ വധിച്ചു

Sunday 17 May 2026 1:50 AM IST

വാഷിംഗ്ടൺ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസിസ്) തലച്ചോറെന്ന് അറിയപ്പെടുന്ന അബു ബിലാൽ അൽ മിനൂക്കിയെ വധിച്ച് യു.എസ് - നൈജീരിയൻ സേന. നൈജീരിയയിൽ വച്ച് സംയുക്ത സൈനിക ഓപ്പറേഷനിലൂടെയാണ് വധിച്ചതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബുവും അറിയിച്ചു. ഈജിപ്തിലെ ഐ.എസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് ഇയാളാണ്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇയാളുടെ ഒളിത്താവളം തകർത്തത്. അനുയായികളെയും വധിച്ചു.

ആഗോള ഭീകരൻ

ഐ.എസിസ് പ്രവർത്തന രീതികളെയും തന്ത്രങ്ങളെയും ആധുനികവത്കരിച്ചതിനുപിന്നിലെ പ്രധാനിയാണ് മിനൂക്കി. അബുബക്കർ ഇബ്നു മുഹമ്മദ് ഇബ്നു അലി അൽ മൈനൂകി എന്നും അറിയപ്പെടുന്നു. 1982ൽ നൈജീരിയയിലെ ബോർണോ സ്റ്റേറ്റിലെ മെനോക്കിയിൽ ജനിച്ച ഇയാൾ, ആഫ്രിക്കയിലെ സഹേൽ മേഖലകളിൽ ഐ.എസ് വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയുടെ സീനിയർ കമാൻഡറായിരുന്നു. ഐ.എസ്.ഐ.എസിന്റെ ജനറൽ ഡയറക്ടറേറ്റ് ഒഫ് പ്രൊവിൻസസിലേക്ക് ചാഡ് ഡിവിഷന്റെ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. 2023ൽ ഇയാളെ യു.എസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചു. 2024ൽ മിനൂക്കിയെ വധിച്ചെന്ന് നൈജീരിയൻ സൈന്യം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല.

തന്റെ നിർദ്ദേശപ്രകാരം നടത്തിയ ദൗത്യത്തിലൂടെ ആഗോള ഭീകരനെ ഈ ലോകത്തുനിന്ന് ഒഴിവാക്കി.

ആഫ്രിക്കയിൽ എന്നും ഒളിവിൽ കഴിയാമെന്നാണ് അയാൾ ഓർത്തത്. ഇനി മുതൽ അവന് ആഫ്രിക്കയെ ഭീതിയിലാഴ്ത്താനോ അമേരിക്കയ്ക്കെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനോ കഴിയില്ല. നൈജീരിയൻ സർക്കാരിന് നന്ദി

- ഡൊണാൾഡ് ട്രംപ്