ഒരു കൈയബദ്ധം, മാപ്പ് ! ബ്രിട്ടീഷ് രാജാവിന് ഒരു കുഴപ്പവുമില്ല

Friday 22 May 2026 7:33 AM IST

ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവ് അന്തരിച്ചെന്ന് വാർത്ത. കേട്ടവരെല്ലാം ഞെട്ടി. തെറ്റായ വാർത്ത അബദ്ധത്തിൽ സംപ്രേക്ഷണം ചെയ്ത്

പുലിവാല് പിടിച്ചത് ബ്രിട്ടീഷ് റേഡിയോ സ്റ്റേഷനായ 'റേഡിയോ കാരലൈൻ'. ഒടുവിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് എസ‌ക്സിലുള്ള പ്രധാന സ്റ്റുഡിയോയിലാണ് സംഭവം. കമ്പ്യൂട്ടർ സംവിധാനത്തിലെ പിഴവ് മൂലം രാജാവിന്റെ മരണവാർത്ത പുറത്തുവിടുകയായിരുന്നു. ഔദ്യോഗിക പ്രോട്ടോക്കോൾ പ്രകാരം അടിയന്തര സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് ഭരണാധികാരിയുടെ മരണ വാർത്ത എല്ലാ റേഡിയോ സ്റ്റേഷനുകളും മുൻകൂട്ടി തയ്യാറാക്കാറുണ്ട്. ഈ സന്ദേശം അബദ്ധത്തിൽ ആക്ടീവായതാണ് വിനയായത്. ' രാജാവ് അന്തരിച്ചെന്ന് ' അനൗൺസ് വന്നതിനുപിന്നാലെ 15 മിനിറ്റോളം റേഡിയോ നിശബ്ദമായി. അബദ്ധം പറ്റിയെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ ഉടൻ പരിപാടികൾ പുനഃസ്ഥാപിച്ചു. മാപ്പ് പറഞ്ഞുള്ള പ്രസ്താവനയും ഇറക്കി.