കപ്പൽപ്പട കരീബിയനിൽ, ക്യൂബയെ ഉന്നമിട്ട് യു.എസ്

Friday 22 May 2026 7:34 AM IST

ഹവാന: വെനസ്വേലയുടെ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെ പുറത്താക്കിയ പിന്നാലെ അവരുടെ അടുത്ത സഖ്യകക്ഷിയായ ക്യൂബയ്ക്കെതിരെ സമ്മർദ്ദ തന്ത്രങ്ങൾ ശക്തമാക്കി യു.എസ്. യു.എസ്.എസ് നിമിറ്റ്സ് വിമാനവാഹിനിയുടെ നേതൃത്വത്തിൽ യുദ്ധക്കപ്പലുകൾ അടക്കമുള്ള യു.എസിന്റെ നാവിക സന്നാഹം കരീബിയൻ കടലിലേക്ക് പ്രവേശിച്ചു. സൂപ്പർ ഹോർനെറ്റ് യുദ്ധവിമാനങ്ങൾ അടക്കം നിമിറ്റ്സിലുണ്ട്. വെനസ്വലേയിൽ നടത്തിയ പോലുള്ള സൈനിക നടപടി യു.എസ് ക്യൂബയിൽ ആവർത്തിക്കുമോ എന്ന ആശങ്കകൾക്കിടെയാണിത്.

അതേ സമയം, ക്യൂബയുടെ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കെതിരെ (94) യു.എസ് കൊലപാതക, ഗൂഢാലോചനാ കുറ്റങ്ങൾ ചുമത്തിയതിനെ അപലപിച്ച് റഷ്യയും ചൈനയും രംഗത്തെത്തി. യു.എസ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കെട്ടിച്ചമച്ച് സൈനിക നീക്കത്തിനുള്ള കാരണങ്ങൾ കണ്ടെത്തുകയാണെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് കാനൽ പ്രതികരിച്ചു.

1996ൽ രണ്ട് യു.എസ് സിവിലിയൻ വിമാനങ്ങളെ ക്യൂബൻ സൈന്യം വെടിവച്ചിട്ട കേസിൽ കഴിഞ്ഞ ദിവസമാണ് റൗളിന് മേൽ കൊലക്കുറ്റം ചുമത്തിയത്. റൗൾ അന്ന് ക്യൂബയുടെ പ്രതിരോധ മന്ത്രിയായിരുന്നു. അതേ സമയം, യു.എസ് ഉപരോധം തുടരുന്നതിനാൽ കടുത്ത ഊർജ്ജ ക്ഷാമത്തിലാണ് ക്യൂബ നിലവിൽ.