ഹിസ്ബുള്ളയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇറാൻ, സമാധാന ചർച്ചകൾക്കിടെ നിർണായക പ്രഖ്യാപനം
ടെഹ്റാൻ: യു.എസുമായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ളയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇറാൻ. തങ്ങളുടെ പ്രാദേശിക സഖ്യകക്ഷിയായ ഹിസ്ബുള്ളയെ ഒരിക്കലും കൈവിടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യം വിശദമാക്കി ഇറാൻ വിദേശകാര്യ മന്ത്രി ഹിസ്ബുള്ള സെക്രട്ടറി ജനറലിന് സന്ദേശം അയച്ചു. അതേസമയം തന്നെ അമേരിക്കയുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്നും പ്രധാന തർക്കവിഷയങ്ങളിൽ പലതിലും അനുകൂല തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ചില നിർണായക വിഷയങ്ങളിൽ കൂടി അന്തിമധാരണയിൽ എത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന തങ്ങളുടെ സ്വത്തുക്കൾ വിട്ടുനൽകണമെന്നാണ് ഇറാൻ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടായാൽ മാത്രമേ ചർച്ചകളുമായി മുന്നോട്ടു പോകൂ എന്ന നിലപാടിലാണ് ഇറാൻ.