ബാബ്അൽ മന്ദബിലും കപ്പൽ തടയാൻ ഇറാൻ, ഹോർമുസ് പൂർണമായി അടയ്ക്കും, യു.എസുമായി ചർച്ച നിറുത്തി

Tuesday 02 June 2026 12:00 AM IST

 തീരുമാനം ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച്

ടെൽ അവീവ്: ഹോർമുസ് കടലിടുക്കിന് പിന്നാലെ, ലോകത്തെ നാലാമത്തെ വലിയ ഷിപ്പിംഗ് റൂട്ടായ 'ബാബ് അൽ മന്ദബ്" കടലിടുക്കിലും ഉപരോധം തീർക്കാൻ ഇറാന്റെ തീരുമാനം. ബാബ് അൽ മന്ദബ് കടക്കുന്ന കപ്പലുകളെ ആക്രമിക്കാൻ സഖ്യകക്ഷിയായ യെമനിലെ ഹൂതി വിതർക്ക് ഇറാൻ നിർദ്ദേശം നൽകിയെന്ന് സൂചന.

ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതാണ് പ്രകോപനമായത്. യു.എസുമായുള്ള സമാധാന ചർച്ചകൾ നിറുത്തിവച്ചു. ഗാസയിലെയും ലെബനനിലെയും ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാതെ ചർച്ചയ്ക്കില്ലെന്ന് അറിയിച്ചു. ഹോർമുസ് കടലിടുക്ക് പൂർണമായും അടയ്ക്കും.

ഇന്ത്യയെ ബാധിക്കും

കടലിലൂടെ കയറ്റുമതി ചെയ്യുന്ന എണ്ണയുടെ 12% കടന്നുപോകുന്നത് ചെങ്കടലിനെയും ഏഥൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് അൽ മന്ദബ് വഴിയാണ്. ഏഷ്യയ്ക്കും യൂറോപ്പിനുമിടയിലെ സൂയസ് കനാൽ വഴിയുള്ള എണ്ണ, വാതക വ്യാപാരം നിലയ്ക്കും. ഇന്ത്യയെ അടക്കം ഗുരുതരമായി ബാധിക്കും. നിലവിലെ ഊർജ പ്രതിസന്ധിയും രൂക്ഷമാകും.

# ഒറ്റക്കെട്ടായി നീങ്ങും

1. ലെബനനിലെ ഇസ്രയേൽ പ്രകോപനങ്ങൾക്കെതിരെ യെമനിലെ ഹൂതികളും ലെബനൻ,​ ഇറാക്ക് എന്നിവിടങ്ങളിലെ സായുധ ഗ്രൂപ്പുകളും ഉൾപ്പെട്ട സഖ്യകക്ഷികളുമായി ചേർന്ന്

തിരിച്ചടിക്കാൻ ഇറാന്റെ തീരുമാനം. ബാബ് അൽ മന്ദബിന് പുറമേ മറ്റ് കേന്ദ്രങ്ങളും ആക്രമിക്കും.

2. ജിബൂട്ടി, എറിത്രിയ എന്നിവയ്ക്കും യെമനും മദ്ധ്യേയുള്ള ബാബ് അൽ മന്ദബ് വഴിയുള്ള ഗതാഗതം പ്രധാന ഷിപ്പിംഗ് കമ്പനികൾ നിറുത്തിവച്ചിട്ടുണ്ട്.

``ലെബനനിലെ ഇസ്രയേൽ ആക്രമണം യു.എസുമായുള്ള ഞങ്ങളുടെ വെടിനിറുത്തൽ കരാറിന്റെ ലംഘനമാണ്. അനന്തര ഫലങ്ങളുടെ ഉത്തരവാദി യു.എസും ഇസ്രയേലും മാത്രമാണ്.``

- അബ്ബാസ് അരാഗ്ചി,​

വിദേശകാര്യ മന്ത്രി,​ ഇറാൻ