കുട്ടികളും സ്ത്രീകളും അരഞ്ഞാണം ധരിക്കുന്നത് എന്തിന്? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
കുട്ടികളും സ്ത്രീകളും പൊതുവെ ധരിക്കുന്ന ഒന്നാണ് അരഞ്ഞാണം. പുരാതന കാലം മുതൽ അരഞ്ഞാണം ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളും വിശ്വാസങ്ങളും നിലനിൽക്കുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.
കുഞ്ഞ് ജനിച്ച് 28 ദിവസത്തിനുശേഷം കുഞ്ഞുങ്ങളുടെ അരയിൽ കറുത്ത ചരടിനൊപ്പം വെള്ളി അല്ലെങ്കിൽ സ്വർണ അരഞ്ഞാണം കെട്ടുന്നു. ഇത് ദൃഷ്ടി ദോഷം അകറ്റാനും പോസിറ്റീവ് ഊർജം നൽകാനും സഹായിക്കുന്നുവെന്നാണ് വിശ്വാസം. ഇത് ദുരാത്മാക്കളിൽ നിന്ന് സംരക്ഷിക്കുന്നുവെന്നും ജ്യോതിഷികൾ പറയുന്നു. സ്ത്രീകൾ പ്രധാനമായും സൗന്ദര്യത്തിനും ഉദരസംബന്ധമായ സൗഖ്യത്തിനുമാണ് അരഞ്ഞാണം ധരിക്കുന്നത്.
പുരുഷന്മാർ ധരിക്കുന്ന അരഞ്ഞാണിനെ 'ശൃംഖല' എന്നാണ് പറയപ്പെടുന്നത്. കിലുങ്ങുന്ന ധാരാളം മണികൾ ഘടിപ്പിച്ച് ഭംഗിപിടിപ്പിച്ചുള്ള അരഞ്ഞാണിന് 'അരമണി' എന്ന് പറയുന്നു. അരഞ്ഞാണിന്റെ കട്ടികൂടിയ വിഭാഗമായ അരപ്പട്ട പ്രസവശേഷം വയറ് ചുരുങ്ങാൻ സ്ത്രീകൾ ഉപയോഗിക്കുന്നു. സ്വർണത്തെക്കാൾ വെള്ളി അരഞ്ഞാണമാണ് നല്ലതെന്നാണ് പറയപ്പെടുന്നത്. വെള്ളി അരഞ്ഞാണം ധരിക്കുന്നത് കൂടുതൽ പോസിറ്റീവ് ഊർജത്തെ ആഗിരണം ചെയ്യുന്നു. കൂടാതെ സന്ധിവാതം കുറയ്ക്കാനും ഇത് സഹായിക്കും. പലരും അരഞ്ഞാണത്തിൽ സംരക്ഷണത്തിനായി ഏലസുകളോ ജപിച്ച നൂലുകളോ കെട്ടിയിടാറുണ്ട്.
ഹെെന്ദവ വിശ്വാസമനുസരിച്ച് നഗ്നനായി കുളിക്കുന്നത് ജലദേവനായ വരുണനെ അപമാനിക്കുന്നതിന് തുല്യമാണ്. വസ്ത്രമില്ലാത്ത അവസ്ഥയിലും ശരീരത്തിൽ ഒരു നൂൽബന്ധം (അരഞ്ഞാണം) ഉണ്ടായിരിക്കണം എന്നത് ഒരു വിശ്വാസമാണ്. അതിനാൽ പണ്ടുകാലത്ത് പലരും കറുത്ത ചരട് അരയിൽ കെട്ടിയിരുന്നു.