SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.34 PM IST

ഇൻസ്റ്റഗ്രാമിലൂടെ പ്രണയം; രണ്ടുമക്കളുള്ള യുവാവിനെ വിവാഹം കഴിക്കണമെന്ന് യുവതി, പിന്നാലെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി

Increase Font Size Decrease Font Size Print Page
siya

മുംബയ്: ആളൊഴിഞ്ഞ സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ നിന്ന് അഴുകിയ നിലയിൽ 33കാരിയുടെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ അഷ്റഫി എന്ന സിയയാണ് മരിച്ചത്. സംഭവത്തിനു പിന്നിൽ യുവതിയുടെ കാമുകൻ സമീറും കുടുംബാംഗങ്ങളുമാണെന്ന് പൊലീസ് അതിവേഗം കണ്ടെത്തുകയും ചെയ്തു. സിയയെ സമീർ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി വീടിന് സമീപമുള്ള സെപ്റ്റിക് ടാങ്കിൽ തള്ളി.

ഒരു വർഷം മുൻപാണ് സിയയും സമീറും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി മാറി. ഭാര്യയും രണ്ടുകുട്ടികളുമുള്ള സമീറിനോടൊപ്പം ജീവിക്കാനായി സിയ മൂന്ന് മാസം മുൻപ് വീട് ഉപേക്ഷിച്ച് ഭോപ്പാലിലെത്തി. സിയ സമീറിന്റെ കമലാ നഗറിലെ വീട്ടിൽ താമസിക്കാൻ തുടങ്ങിയതോടെ പതിവായി പ്രശ്നങ്ങൾ ഉണ്ടാകുകയായിരുന്നു. സമീറിന്റെ ഭാര്യയും സിയയും തമ്മിൽ നിരന്തരം വഴക്കുണ്ടായി. സമീർ തന്നെ വിവാഹം കഴിക്കണമെന്ന് സിയ സമ്മർദം ചെലുത്തിയിരുന്നതായും വിവരമുണ്ട്.

വിവാഹം കഴിക്കുന്നില്ലെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സിയ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു. വഴക്ക് രൂക്ഷമായതോടെ സമീറിന്റെ ഭാര്യ ജബൽപൂരിലെ സ്വന്തം വീട്ടിലേക്കുപോയി. ഫെബ്രുവരി ഒൻപതിന് വൈകുന്നേരം സിയയും സമീറും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ഇതോടെ സമീർ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാൻ പ്രതി സഹോദരന്റെയും അമ്മയുടെയും സഹോദരിയുടേയും സഹായം തേടി. തുടർന്നാണ് മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി വീടിനടുത്തുള്ള സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം, ഈ പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ടാങ്കിൽ നിന്ന് ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ടാങ്കിനുള്ളിൽ ഒരു ഇരുമ്പ് പെട്ടി പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി പെട്ടി തുറന്നപ്പോഴാണ് യുവതിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തുള്ള ടാറ്റൂ വഴിയാണ് മൃതദേഹം സിയയുടേതാണെന്ന് തിരിച്ചറിഞ്ഞത്.

സംഭവം പുറത്തായതോടെ സമീർ ഒളിവിൽപോയി. ഇയാളുടെ അമ്മയെയും സഹോദരനെയും സഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സമീറിന്റെ ഭാര്യയും പൊലീസ് നിരീക്ഷണത്തിലാണ്. സിയ മുൻപ് മഹാരാഷ്ട്രയിലും രാജസ്ഥാനിലും വച്ച് മൂന്ന് വിവാഹങ്ങൾ കഴിച്ചിരുന്നതായി പൊലീസ് പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

TAGS: CASE DIARY, MURDERS, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY