പുതിയ സ്‌മാർട്ട് ഫോൺ വാങ്ങാൻ പണം നൽകിയില്ല; 28കാരൻ മാതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Saturday 21 October 2023 12:14 PM IST

നാഗ്‌പൂർ: സ്‌മാർട്ട്‌ഫോൺ വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ യുവാവ് മാതാവിനെ കഴുത്ത് ഞെരിച്ച് കൊന്നു. കഴിഞ്ഞ ദിവസം നാഗ്‌പൂരിലാണ് സംഭവമുണ്ടായത്. കമലാഭായ് ബദ്വൈക് (47) ആണ് കൊല്ലപ്പെട്ടത്. പ്രതി രാംനാഥിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.

അമ്മയ്‌ക്ക് സുഖമില്ലെന്നും ഉടൻ തന്നെ ആശുപത്രിയിൽ എത്തണമെന്നും രാംനാഥ് സഹോദരനായ ദീപകിനെ വിളിച്ച് അറിയിച്ചിരുന്നു. ദീപക് ഉടൻ തന്നെ എത്തിയെങ്കിലും കമലാഭായ് മരിച്ചിരുന്നു. മൃതദേഹം കണ്ടപ്പോൾ ദീപകിന് സംശയം തോന്നി. കമലാഭായ്‌യുടെ ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ടിരുന്നതായും ഇയാളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ദീപക് വിവരമറിയിച്ചതോടെ പൊലീസ് ആശുപത്രിയിലെത്തി രാംനാഥിനെ ചോദ്യം ചെയ്തു. ഇതോടെയാണ് ഫോൺ വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ താൻ അമ്മയെ കൊലപ്പെടുത്തിയതെന്ന് രാംനാഥ് സമ്മതിച്ചത്. ഹഡ്‌കേശ്വർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

സാമ്പാറിന് എരിവ് കൂടിയെന്ന് പറഞ്ഞതിന്റെ പേരിൽ പിതാവിനെ മകൻ കൊലപ്പെടുത്തിയ സംഭവവും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു . കുടകിലെ വിരാജ്പേട്ട് താലൂക്കിലെ നംഗല ഗ്രാമത്തിലാണ് സംഭവം നടന്നത്. നംഗല ഗ്രാമത്തിൽ താമസിക്കുന്ന സി കെ ചിട്ടിയപ്പയെയാണ് (63) മകൻ കൊലപ്പെടുത്തിയത്. മകൻ ഉണ്ടാക്കിയ സാമ്പാറിന് എരിവ് കൂടിയതിന്റെ പേരിൽ ചിട്ടിയപ്പ വഴക്കുപറഞ്ഞു. പിന്നാലെ പ്രതി ചിട്ടിയപ്പയെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ മകനായ ദർശൻ തമ്മയ്യയെ (38) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.