കൊച്ചി: മുളകുപൊടി മുഖത്തേക്കെറിഞ്ഞ് നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. റവന്യു ടവറിൽ വ്യാഴാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ഇവിടെ ഇന്റർനെറ്റ് കഫേ നടത്തുന്ന പിണ്ടിമന പരണാംകുന്നേൽ വിഷ്ണുവിനും ഇരുമലപ്പടി കല്ലത്താനാംകുഴി മുഹമ്മദിനുമാണ് വെട്ടേറ്റത്. പന്നേക്കാട് ഇടപ്പിള്ളിയിൽ സൂരജാണ് ആക്രമണം നടത്തിയത്.
വാക്കത്തിയും മുളകുപൊടിയുമായും കൈയിൽ കരുതിയാണ് സൂരജ് വിഷ്ണുവിന്റെ സ്ഥാപനത്തിൽ എത്തിയത്. പിന്നാലെ മുളകുപൊടി മുഖത്തെറിഞ്ഞ് വിഷ്ണുവിനെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബഹളംകേട്ട് ഓടിയെത്തി ആക്രമണം തടയാൻ ശ്രമിക്കവേയാണ് മുഹമ്മദിനും വെട്ടേറ്റത്. വിഷ്ണുവിനെ തൊടുപുഴയിലെയും മുഹമ്മദിനെ എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. റവന്യു ടവറിലുണ്ടായിരുന്നവരും മറ്റ് സ്ഥാപനങ്ങളിലെ ആളുകളും ചേർന്ന് ബലപ്രയോഗത്തിലൂടെ സൂരജിനെ കീഴടക്കി പൊലീസിന് കൈമാറുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |