കൊല്ലം: ബൈക്ക് അപകടത്തിൽപ്പെട്ട യുവാവിന്റെ ബാഗിൽ നിന്ന് നാല് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കൊല്ലം പുന്നമൂട് ജംഗ്‌ഷനിലാണ് അപകടമുണ്ടായത്. വടക്കേവിള പട്ടത്താനം സ്വദേശി ശരൺ മോഹൻ (26) അപകടത്തിൽപ്പെട്ടതിന് പിന്നാലെ കഞ്ചാവ് കേസിൽ പിടിയിലായി.
പുന്നമൂട് ജംഗ്‌ഷനിൽ ബസ് സ്റ്റോപ്പിന് സമീപത്തായി അപകടമുണ്ടായതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ശരൺ മോഹനെ എക്‌സൈസ് സംഘം കണ്ടെത്തിയത്. പിന്നാലെ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനിടെ യുവാവിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് 4.048 കിലോ കഞ്ചാവ് കണ്ടെടുത്തത്.
കൊല്ലത്ത് ചില്ലറ വിൽപനയ്ക്കായി ബൈക്കിൽ കഞ്ചാവ് എത്തിക്കുകയായിരുന്നു. കുന്നത്തൂർ എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്‌ടർ സൂര്യ എസിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സജീവ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഓഫീസർമാരായ സന്തോഷ്, അജയൻ, സിവിൽ എക്‌സൈസ് ഓഫീസർ സുധീഷ് എന്നിവരടങ്ങുന്ന എക്‌സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |