തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുള്ള മകളെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അറസ്റ്റിലായ അമ്മ ശ്രീതുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണത്തിനായി മൂന്നു ദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അതേസമയം കേസിലെ ഒന്നാം പ്രതിയും ശ്രീതുവിന്റെ സഹോദരനുമായ ഹരികുമാറിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്രീതുവിനെ കൊലക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിൽ ഹരികുമാർ നേരത്തെ അറസ്റ്റിലായിരുന്നു. സൈബർ സെല്ലിന്റെയും ശാസ്ത്രീയ പരിശോധനയുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പാലക്കാട് നിന്നാണ് പൊലീസ് ശ്രീതുവിനെ കസ്റ്റഡിയിലെടുത്തത്.
ഇക്കൊല്ലം ജനുവരി 30നായിരുന്നു ദേവേന്ദു എന്ന രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞു കൊന്നത്. നാടിനെ നടുക്കിയ സംഭവം പുറംലോകമറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞുവെങ്കിലും കേസിൽ ഒട്ടേറെ ദുരൂഹതകൾ അവശേഷിച്ചിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താൻ ആണെന്ന് ഹരികുമാർ കുറ്റസമ്മതം നടത്തിയിരുന്നു. ഹരികുമാറും സഹോദരി ശ്രീതുവും തമ്മിൽ അസ്വാഭാവികമായ ബന്ധം ഉണ്ടായിരുന്നതായും കുഞ്ഞ് തടസമായതിനാലാണ് കിണറ്റിൽ എറിഞ്ഞതെന്നും ഹരികുമാർ മൊഴി നൽകിയിരുന്നു. കൊല നടക്കുന്ന ദിവസവും വഴിവിട്ട ബന്ധത്തിന് ശ്രീതുവിനെ ഹരികുമാർ പ്രേരിപ്പിച്ചിരുന്നു. വാട്‌സാപ്പ് സന്ദേശത്തിലൂടെ മുറിയിലേക്ക് വരാൻ ഹരികുമാർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ശ്രീതു മുറിയിൽ എത്തിയെങ്കിലും കുഞ്ഞ് കരഞ്ഞതിനാൽ തിരികെ പോയി. ഇത് ഹരികുമാറിനെ ചൊടിപ്പിച്ചിരുന്നുവെന്നും ഇതാണ് കൊലയ്ക്ക് കാരണമായതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തിൽ സഹോദരിക്ക് പങ്കുള്ളതായി ഹരികുമാർ പൊലീസിനോട് പറഞ്ഞുവെങ്കിലും ശ്രീതു ഇത് നിഷേധിച്ചിരുന്നു. എന്നാൽ ഹരികുമാറിന്റെയും ശ്രീതുവിന്റെയും വാട്സാപ്പ് ചാറ്റുകളടക്കം പരിശോധിച്ചതിൽ നിന്നാണ് ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധം തെളിഞ്ഞത്.
അതേസമയം ശ്രീതുവിനെ കൃത്യം നടന്ന വീട്ടിലെത്തിച്ച് പൊലീസ് വിശദമായ തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ കൊലപാതകത്തിന്റെ കാരണങ്ങൾ തുടങ്ങിയവ സംബന്ധിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |