രണ്ടുപേരെ വെറുതെവിട്ടു
കൊച്ചി: കൊല്ലം അയ്യരുമുക്ക് സ്വദേശി രഞ്ജിത് ജോൺസനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ 5 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷയും പിഴയും ഹൈക്കോടതി ശരിവച്ചു. അതേസമയം, വിചാരണക്കോടതി വിധിച്ച 25 വർഷത്തെ പരോളില്ലാത്ത തടവുശിക്ഷ ഒറ്റ ജീവപര്യന്തമായി ഭേദഗതിചെയ്തു. രണ്ടു പ്രതികളെ തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെവിട്ടു. കൊല്ലം അഡിഷണൽ സെഷൻസ് കോടതി 2019 മേയ് 14ന് പുറപ്പെടുവിപ്പിച്ച ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹർജികളിലാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർണായക ഉത്തരവ്.
ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ തഴുതല പുതിയവീട്ടിൽ മനോജ് (പാമ്പു മനോജ്), പരവൂർ കച്ചേരിവിള രഞ്ജിത് (കാട്ടുണ്ണി), പൂതക്കുളം പാണാട്ടുചിറയിൽ ബൈജു (ഉണ്ണി), വടക്കേവിഴ തോട്ടിൻകര പ്രണവ്, മുഖത്തല കോണത്തുകാവ് വിഷ്ണു എന്നിവരുടെ ശിക്ഷയാണ് ശരിവച്ചത്. ആറും ഏഴും പ്രതികളായ കിളികൊല്ലൂർ വിനീതാമന്ദിരത്തിൽ വിനേഷ്, വടക്കേവിള കൊച്ചുമുണ്ടക്കൽ റിയാസ് എന്നിവരെയാണ് വെറുതെവിട്ടത്. പ്രതികൾ ഒരുലക്ഷം പിഴയും രണ്ടുലക്ഷം രൂപവീതം മരിച്ചയാളുടെ ആശ്രിതർക്ക് നഷ്ടപരിഹാരവും നൽകണമെന്ന വിചാരണക്കോടതി വിധിയിൽ മാറ്റമില്ല. രണ്ടാംപ്രതി രഞ്ജിത് നെടുമങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ്. ഇത് ശരിവയ്ക്കാനുള്ള റഫറൻസും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
2018 ആഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം. ഒന്നാംപ്രതി മനോജിന്റെ ഭാര്യ മക്കളെയടക്കം ഉപേക്ഷിച്ച് രഞ്ജിത്തിനൊപ്പം പോയതാണ് കൊലപാതകത്തിനു കാരണം. ഇതിന്റെ പേരിൽ മനോജും രഞ്ജിത്തുമായി വഴക്കുണ്ടായി. തുടർന്ന് സംഭവദിവസം പ്രതികൾ വാടകയ്ക്കെടുത്ത കാറിൽ രഞ്ജിത്തിന്റെ വീട്ടിലെത്തി മദ്യംനൽകി അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി. മീനാട് പോളച്ചിറയ്ക്ക് സമീപത്തുവച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം കാറിൽ തമിഴ്‌നാട് സമത്വപുരത്തെത്തിച്ച് പാളയംകോട്ടൈയ്ക്ക് സമീപം കുഴിച്ചുമൂടി. പ്രതികൾ ദിവസങ്ങൾക്കകം പിടിയിലായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |