
തോക്കിന്റെ പാത്തിക്കും മർദ്ദനം
റോഡരികിൽ ഉപേക്ഷിച്ച് കടന്നു
ആറംഗ ഗുണ്ടാസംഘത്തിനായി തെരച്ചിൽ
കൊച്ചി: ഇടുക്കി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി രണ്ടുദിവസം തടവിൽ പാർപ്പിച്ച് മർദ്ദിക്കുകയും മോചനദ്രവ്യം കൈക്കലാക്കുകയും ചെയ്തതായി പരാതി. തോക്കിന്റെ പാത്തികൊണ്ടുള്ള മർദ്ദനമേറ്റ യുവാവ് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 31കാരനായ യുവാവിന്റെ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആറംഗ ഗുണ്ടാസംഘത്തിനായാണ് തെരച്ചിൽ നടത്തുന്നത്.
ദേവികുളം സ്വദേശിയായ യുവാവ് വാഹന ഇടപാടുകാരനാണ്. വ്യാഴാഴ്ച രാത്രി 12ഓടെ ഗുണ്ടാസംഘത്തിൽപ്പെട്ട ഒരാൾ ഇയാളെ വില്ലിംഗ്ടൺ ഐലന്റ് ഭാഗത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ബലംപ്രയോഗിച്ച് കാറിൽ കയറ്റി പൂത്തോട്ട ഭാഗത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു. അവിടെവച്ച് ആറംഗ സംഘം ക്രൂരമായി മർദ്ദിച്ചു. 14ന് രാത്രി വരെ മർദ്ദനം തുടർന്നു. ഒടുവിൽ ഒരു ലക്ഷം രൂപ കൈക്കലാക്കിയശേഷം സംഘം ഇയാളെ മരട് ഭാഗത്ത് റോഡരികിൽ ഉപേക്ഷിച്ചു. യുവാവിന്റെ കാറും അഞ്ച് ലക്ഷം രൂപയും ആവശ്യപ്പെട്ടായിരുന്നു മർദ്ദനമെന്നാണ് സൂചന. ഗുണ്ടകളുടെ എതിരാളികളുമായുള്ള ബന്ധമാണ് അക്രമത്തിന് പിന്നിലെന്നും വിവരമുണ്ട്. പ്രാണരക്ഷാർത്ഥം സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് നടന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
ഐലന്റ് ഭാഗത്തുവച്ചാണ് തട്ടിക്കൊണ്ടുപോയതെന്നതിനാൽ വിവരം ബന്ധപ്പെട്ട സ്റ്റേഷനിൽ അറിയിച്ചു. ഉടൻ പൊലീസ് സംഘമെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ഉറപ്പാക്കി. തുടർന്ന് മൊഴി രേഖപ്പെടുത്തി കേസെടുത്തു. യുവാവിനെ പിന്നീട് പൊലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു. പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അതേസമയം, യുവാവിന്റെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ പറഞ്ഞു. വിശദമൊഴി രേഖപ്പെടുത്താൻ ഇന്നലെ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാൾ എത്തിയില്ല. ഇന്ന് ഹാജരാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
കൊച്ചിയിൽ ലഹരി ഇടപാടുകൾ നടത്തുന്ന ഗുണ്ടാസംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. ലഹരി കടത്തിന് കാർ ആവശ്യപ്പെട്ടിട്ടും നൽകാത്തതാണ് അക്രമത്തിന് കാരണമെന്നും സൂചനയുണ്ട്. യുവാവിന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കേസെടുത്തതിന് പിന്നാലെ ഗുണ്ടാസംഘം ഒളിവിൽപ്പോയതായാണ് വിവരം. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |