ആലുവ: ആലുവയിൽ ഊബർ ടാക്സി ഡ്രൈവറെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന് പരാതി. കോഴിക്കോട് റൂറലിൽ കാക്കൂർ ഒല്ലോട്ടുകണ്ടിയിൽ നൈജിൽ സായിമിനെയാണ് (21) ആലുവ സ്വദേശികളായ മെഹനാസ്, മൊയ്നുദ്ദീൻ, ഫസ്മിന എന്നിവരും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേരും ചേർന്ന് ആക്രമിച്ചത്. പ്രതികൾക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. കേസിൽ ഒന്നാം പ്രതിയായ ഭർത്താവുമായി അകന്ന് എടയപ്പുറത്തെ ഫ്ളാറ്റിൽ തനിച്ച് താമസിക്കുന്ന യുവതിയുടെ ടാക്സിയാണ് നൈജിൽ ഓടിക്കുന്നത്. കോട്ടപ്പുറത്തെ ഫ്ളാറ്റിൽ സുഹൃത്ത് സെബിലിനൊപ്പമാണ് നൈജിൽ താമസിച്ചിരുന്നത്. സെബിലും കാർ ഉടമയുമായി അവിഹിത ബന്ധമുണ്ടെന്ന് ഭീഷണിപ്പെടുത്തി പറയിപ്പിക്കുന്നതും പ്രതികൾ മൊബൈലിൽ പകർത്തിയിരുന്നു. കഴിഞ്ഞ ഒന്നിന് രാത്രി 8.30ന് കാർ യുവതിക്ക് കൈമാറുന്നതിനായി നൈജിൽ സെബിലിനൊപ്പം കാറുമായി എടയപ്പുറത്ത് എത്തിയിരുന്നു. ഈ സമയത്താണ് പ്രതികൾ ആക്രമിച്ച് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. പരാതി ആക്ഷേപങ്ങൾ സംബന്ധിച്ച് ചില സംശയങ്ങൾ പൊലീസിന് ഉള്ളതിനാൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മെഹനാസ് സ്വന്തം പണം ചെലവഴിച്ച് വാങ്ങിയതാണ് കാറെന്നും ഭാര്യയുടെ പേരിലായതിനാൽ വിട്ടുകൊടുക്കുന്നില്ലെന്നും പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |