ബാങ്കിൽനിന്ന് 26 പവന്റെ പണയഉരുപ്പടി കവർന്ന മുൻ ജീവനക്കാരി അറസ്റ്റിൽ
കൊച്ചി: മാനേജരുമായി ചേർന്ന് ബാങ്കിലെ 26പവൻ പണയഉരുപ്പടികൾ മോഷ്ടിച്ച കേസിൽ മുൻ ജീവനക്കാരിയെ കളമശേരി പൊലീസ് അറസ്റ്റുചെയ്തു. കളമശേരി സി.എസ്.ബി ബാങ്കിൽ കസ്റ്റമർ റിലേഷൻസ് ഓഫീസറായിരുന്ന തൃശൂർ കുന്നംകുളം കാണിപ്പയ്യൂർ ശാസ്ത്രിജി നഗർ പയ്യാറവീട്ടിൽ ദേവിനലാലാണ് (30) പിടിയിലായത്. സംഭവം നടക്കുമ്പോൾ ബാങ്ക് മാനേജരായിരുന്ന അതുൽ രാമസ്വാമി നേരത്തേ അറസ്റ്റിലായി ജാമ്യത്തിലാണ്.
2025 ഏപ്രിൽ രണ്ടിനാണ് പണയഉരുപ്പടികൾ കാണാതായ വിവരം മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. മൊത്തം 210 ഗ്രാം സ്വർണാഭരണങ്ങളാണ് അടിച്ചുമാറ്റിയത്. അതുൽ രാമിസ്വാമിയും ദേവനലാലും ചേർന്നാണ് പണയഉരുപ്പടികൾ കൈകാര്യം ചെയ്തിരുന്നത്. അടിച്ചുമാറ്റിയ ആഭരണങ്ങൾ ദേവിനലാലിന്റെ പേരിൽ വിവിധ പണമിടപാട് സ്ഥാപനങ്ങളിൽ പണയപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. കേസെടുത്തതോടെ ഒളിവിൽപ്പോയ ദേവിനലാൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞദിവസം കളമശേരി റെവർസൈഡിലെ വാടകവീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തട്ടിപ്പ് പുറത്തായതോടെ ഇരുവരെയും ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു.