ബുധനൂർ സ്കൂളിൽ മദ്യപസംഘം വിലസുന്നു വർണക്കൂടാരവും, പാർക്കിലെ അലങ്കാര നിർമ്മിതികളും തകർത്തു
ചെങ്ങന്നൂർ: പുതിയ അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെ ബുധനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ വീണ്ടും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച വർണക്കൂടാരം പാർക്ക്, കുടിവെള്ള പൈപ്പുകൾ, സി.സി.ടി.വി ക്യാമറകൾ, ടോയ്ലെറ്റുകൾ എന്നിവ നശിപ്പിച്ചതായി സ്കൂൾ അധികൃതർ പരാതിപ്പെട്ടു. സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും നിന്നും നിരവധി മദ്യക്കുപ്പികളും മറ്റ് മാലിന്യങ്ങളും കണ്ടെത്തി. ഏതാനും ദിവസം മുമ്പ് അദ്ധ്യാപകരും ജീവനക്കാരും ഉപയോഗിച്ചുവരുന്ന ടോയ്ലെറ്റ് പൂട്ട് തകർത്ത് ക്ലോസറ്റും അനുബന്ധ പൈപ്പുകളും നശിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് നൽകിയ പരാതിയിൽ മാന്നാർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വിദ്യാർത്ഥിനികൾ ഉപയോഗിക്കുന്ന ടോയ്ലറ്റും വർണക്കൂടാരം പാർക്കും സി.സി.ടി.വി ക്യാമറകളും വീണ്ടും തകർത്തത്. സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ ഹൈസ്കൂളിനും ഹയർസെക്കൻഡറി വിഭാഗത്തിനുംവലിയ നാശനഷ്ടമാണ് ഉണ്ടായത്. സ്കൂളിന്റെ വടക്കുഭാഗത്ത് രണ്ട് വർഷം മുമ്പ് ഏകദേശം 10 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കുട്ടികളുടെ വർണക്കൂടാരം പാർക്കിലെ സിമന്റിൽ നിർമ്മിച്ച പ്ലാവ്, വിനോദോപകരണങ്ങൾ, അലങ്കാര നിർമ്മിതികൾ എന്നിവ തകർത്ത നിലയിലാണ്. ക്ലാസ് മുറികളിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഒഴിഞ്ഞ മദ്യക്കുപ്പികളും മറ്റ് ഉപകരണങ്ങളും ക്ലാസ് മുറികളിലും ടോയ്ലറ്റുകളിലും നിന്നും കണ്ടെത്തി.
പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ല
കഴിഞ്ഞ അവധിക്കാലത്തും സമാന രീതിയിൽ സ്കൂളിൽ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. അന്ന് പൊലീസിൽ പരാതി നൽകിയിട്ടും പ്രതികളെ കണ്ടെത്താൻ കാര്യമായ അന്വേഷണം നടന്നില്ലെന്നാരോപിച്ച് രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തി. ഇതാണ് വീണ്ടും സ്കൂൾ സാമൂഹ്യവിരുദ്ധരുടെ താവളമാകാൻ കാരണമായതെന്നും അവർ ആരോപിക്കുന്നു.
സുരക്ഷാ ഗേറ്റ് ഇല്ലാത്തത് തിരിച്ചടിയായി
സ്കൂളിന് ചുറ്റുമതിൽ നിർമ്മിച്ചിട്ടുണ്ടെങ്കിലും സുരക്ഷിതമായ ഗേറ്റ് ഇല്ലാത്തത് സാമൂഹ്യവിരുദ്ധർക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സാഹചര്യമൊരുക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ച് പ്രധാന കമാനവും ഗേറ്റും നിർമ്മിക്കുന്നതിന് തുടക്കമിട്ടിരുന്നുവെങ്കിലും കരാറുകാരൻ പാതിവഴിയിൽ പ്രവൃത്തി ഉപേക്ഷിച്ചതായും പരാതിയുണ്ട്.
....................................................
കഴിഞ്ഞ രണ്ട് വർഷമായി സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം ആവർത്തിക്കുകയാണ്. കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിന് എത്രയും വേഗം സ്ഥിരപരിഹാരം കണ്ടെത്തണം.
പി.കെ. ഗോപി
(പ്രദേശവാസി)
...............................................