കോഴിക്കാേട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്‌ഡ്, ആറുസ്ത്രീകൾ ഉൾപ്പെടെ ഒമ്പതുപേർ പിടിയിൽ

Friday 06 June 2025 5:51 PM IST

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഒമ്പതുപേർ പിടിയിലായി. ഇതിൽ ആറുപേർ സ്ത്രീകളാണ്. പിടിയിലായതിൽ രണ്ടുപേർ ഇടപാടുകാരാണെന്നും പൊലീസ് പറഞ്ഞു. ഇവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മലാപ്പറമ്പിലെ ഇയ്യപ്പാടി റോഡിലെ ഒരു അപ്പാർട്ടുമെന്റ് വാടകയ്‌ക്കെടുത്താണ് പെൺവാണിഭകേന്ദ്രം നടത്തിയിരുന്നത്. ഏറെനാളായി ഇവിടെ പെൺവാണിഭം നടന്നുവരികയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. അപ്പാർട്ടുമെന്റിന് തൊട്ടടുത്ത് താമസക്കാർ ഉണ്ടെങ്കിലും പെട്ടെന്ന് ആരുടെയും ശ്രദ്ധ എത്തിച്ചേരുന്ന സ്ഥമല്ല ഇതെന്നാണ് പൊലീസ് പറയുന്നത്. അതാണ് കേന്ദ്രം നടത്തിപ്പുകാർക്ക് അനുഗ്രഹമായതും. അപ്പാർട്ടുമെന്റിൽ അസമയത്ത് ആൾക്കാർ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട ചിലരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്നാണ് റെയ്ഡ് നടന്നത്.

ബെഹ്റിൻ ഫുട്ബാൾ ക്ലബിന്റെ ഫിസിയോ തെറാപ്പിസ്റ്റായ ആൾക്കാണ് കെട്ടിടം വാടകയ്ക്ക് കൊടുത്തിരുന്നതെന്നും ഇവിടെ പെൺവാണിഭ കേന്ദ്രം പ്രവർത്തിക്കുന്നത് അറിഞ്ഞിരുന്നില്ലെന്നുമാണ് അപ്പാർട്ടുമെന്റിന്റെ ഉടമ പറയുന്നത്. വാടക ഓൺലൈനായി ലഭിച്ചിരുന്നതിനാൽ അയാളുമായി നേടിട്ട് ഇടപെടേണ്ടിവന്നിട്ടില്ലെന്നും ഉടമ പറഞ്ഞു.