ചന്ദ്രു മൊണ്ടേതി ഹിന്ദിയിൽ; അക്ഷയ്‌കുമാറും റാണ ദഗുബാട്ടിയും ഒരുമിക്കുന്നു
പ്രശസ്ത തെലുങ്ക് സംവിധായകൻ ചന്ദ്രു മൊണ്ടേതി ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന ചിത്രത്തിൽ അക്ഷയ്‌കുമാറും റാണി ദഗുബട്ടിയും നായകന്മാർ. ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ ആണ് നിർമ്മാണം. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.താരനിർണയം പൂർത്തിയായിവരുന്നു.
കാർത്തികേയ, കാർത്തികേയ 2 തുടങ്ങി നിരവധി ബ്ളോക് ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനാണ് ചന്ദ്രു മൊണ്ടേതി . അതേസമയം പ്രിയദർശൻ - അക്ഷയ്‌കുമാർ ചിത്രം ഭൂത് ബംഗ്ളാ 100 കോടി ക്ളബ് കടന്നു കുതിക്കുന്നു.തുടർച്ചയായി അക്ഷയ് കുമാർ ചിത്രങ്ങൾ ബോക്സ് ഒാഫീസിൽ തിരിച്ചടി നേരിടുമ്പോഴാണ് ഭൂത് ബംഗ്ളാ തിളക്കം സമ്മാനിക്കുന്നത്.
അക്ഷയ്‌കുമാറും വിദ്യ ബാലനും നായകനും നായികയുമായി അഭിനയിക്കുന്ന രാം ഔർ ശ്യാം ചിത്രീകരണം പുരോഗമിക്കുകയാണ്. മറയൂരിൽ നാലുദിവസത്തെ ചിത്രീകരണമായിരുന്നു ആദ്യ ഷെഡ്യൂൾ. അനീസ് ബസ്‌മി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കേരളത്തിൽ 15 ദിവസത്തെ ചിത്രീകരണം ആണ്.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. രാം ഔർ ശ്യാമിനു ശേഷം ചന്ദ്രു മൊണ്ടേതിയുടെ ചിത്രത്തിൽ അഭിനയിക്കാനാണ് അക്ഷയ്‌കുമാർ ഒരുങ്ങുന്നത് . തെലുങ്ക് സംവിധായകർ ബോളിവുഡ് ചിത്രങ്ങൾ ഒരുക്കുന്നതിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധചെലുത്തുന്നു. സൽമാൻഖാൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രമാക്കി വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം മുംബയ്‌യിൽ പുരോഗമിക്കുന്നു.