പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയം ഉറപ്പിക്കുന്നതിനിടെ പാലക്കാട് നഗരത്തിൽ വിജയാഹാളാദ പ്രകടനവുമായി എസ്ഡിപിഐ. വിക്‌ടോറിയ കോളേജിന് മുന്നിലായിരുന്നു എസ്‌ഡിപിഐ പ്രവർത്തകരുടെ ആഹ്ളാദപ്രകടനം. പാലക്കാട് കോൺഗ്രസിന് എസ്ഡിപിഐയുടെ പിന്തുണയുണ്ടെന്ന് സിപിഎം നേരത്തെ ആരോപിച്ചിരുന്നു. എസ്ഡിപിഐയെ മുന്നിൽ നിർത്തി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്നായിരുന്നു എ.എ റഹിം എംപിയുടെ ആരോപണം.
തിരഞ്ഞെടുപ്പിന് ശേഷം ഇതുണ്ടാക്കാൻ പോകുന്നത് വലിയ അപകടമാണ്. കോൺഗ്രസിന് ഉറപ്പിക്കാൻ കഴിയുന്നത് മൂന്ന് വിഭാഗത്തിന്റെ വോട്ടുകളാണ്. അതിൽ ഒന്ന് എസ്ഡിപിഐയുടേതാണ്. രണ്ടാമത്തേത് മുസ്ലിം ലീഗിന്റെ വോട്ടുകൾ. മൂന്നാമത്തേത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുകളാണെന്നും എ എ റഹീം പറഞ്ഞു. കോൺഗ്രസിന്റെ പ്രഖ്യാപിത സഖ്യകക്ഷിയായി എസ്ഡിപിഐ മാറിയെന്നും എ എ റഹീം ആരോപിച്ചിരുന്നു.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് എസ്ഡിപിഐ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ മാന്യത കാരണമാണ് പുറത്ത് പറയാത്തതെന്നും എസ്ഡിപിഐ വ്യക്തമാക്കി. പിന്തുണച്ചതിന്റെ ഫലം ലഭിച്ചെന്നും എസ്ഡിപിഐ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ്ഡിപിയോട് ശരിയായ നിലപാട് മറ്റ് രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ചില്ലെങ്കിൽ വില കൊടുക്കേണ്ടിവരുമെന്നും, ബിജെപി വിരുദ്ധ നിലപാടിന്റെ പേരിൽ എന്നും ഒരേ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നുമായിരുന്നു എസ്ഡിപിഐയുടെ പ്രതികരണം. നേമത്ത് ശിവൻകുട്ടി ജയിച്ചത് എസ്ഡിപിഐ സ്ഥാനാർഥിയെ നിർത്താത്തത് കൊണ്ടാണ്. മഞ്ചേശ്വരത്ത് ത്യാഗം ചെയ്യുന്നത് കാരണമാണ് ലീഗ് ജയിക്കുന്നതെന്നും എസ്ഡിപിഐ ആരോപിച്ചിരുന്നു.
പാലക്കാട് ഏറ്റവുമൊടുവിലെ കണക്ക് പ്രകാരം പതിനെട്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയരഥത്തിലേറിക്കഴിഞ്ഞു. പോസ്റ്റൽ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും മുന്നിലായിരുന്ന ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുൽ പിന്നിലാക്കിയത്. ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുലിന്റെ കുതിപ്പ്. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെല്ലാം നിലവിൽ രാഹുലാണ് മുന്നിൽ. എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിനും നിഷ്‌പ്രഭനായ അവസ്ഥയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |