പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ പിണറായി സർക്കാരിനെ വിമർശിച്ച് യോഗക്ഷേമസഭ. ശബരിമലയെ വീണ്ടും വിവാദവിഷയമാക്കരുതെന്ന് യോഗക്ഷേമസഭ പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു. അയ്യപ്പ സംഗമം സാമ്പത്തിക ലാഭത്തിനോ ഇലക്ഷൻ സ്റ്റണ്ടിനോ ആണെന്ന് സംശയിക്കുന്നതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അയ്യപ്പ സംഗമത്തിൽ ആശങ്കയുണ്ട്. ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമല. തെറ്റിദ്ധാരണ ഒഴിവാക്കി കാര്യങ്ങൾ സുതാര്യമാക്കണമെന്ന് അക്കീരമൺ കാളിദാസ ഭട്ടതിരി ആവശ്യപ്പെട്ടു.
അതേസമയം, അയ്യപ്പ സംഗമത്തിന് നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) പൂർണ്ണ പിന്തുണയാണ് നൽകുന്നത്. അയ്യപ്പസംഗമം നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ സംഗീത് കുമാർ പ്രതികരിച്ചു. എൻഎസ്എസിന് സര്‍ക്കാരില്‍ പൂര്‍ണവിശ്വാസമാണെന്നും അത് നിലനിര്‍ത്തിക്കൊണ്ട് പോകുന്നതിലും ആഗോള അയ്യപ്പ സംഗമം നടത്തുന്നതിലും ഞങ്ങള്‍ൾക്ക് യാതൊരു അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള അയ്യപ്പസംഗമത്തിൽ ബിജെപിയും കടുത്ത വിമർശനമാണ് ഉയർത്തുന്നത്. വ്യാപാര താൽപര്യത്തോടെ നടത്തുന്ന എക്‌സ്‌പോ പോലെയായി അയ്യപ്പ സംഗമമെന്ന് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പ്രതികരിച്ചു. 'ശബരിമലയെ സർക്കാർ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നുവെന്നും അയ്യപ്പൻമാരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഭക്തർക്കൊപ്പമാണ് എൻഎസ്എസ് നിൽക്കേണ്ടതെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വാസവനും അയ്യപ്പനിൽ വിശ്വാസമുണ്ടോ? ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ മടിയുളള ഇവർ അപ്പോൾ അയ്യപ്പ സംഗമത്തിനായി ഇറങ്ങുമ്പോൾ
സാധാരണ ഭക്തജനങ്ങൾക്ക് ചില സംശയങ്ങളുണ്ടാകും. അത് സ്വാഭാവികമാണ്. പണം എങ്ങനെ ഉണ്ടാക്കാമെന്നാണ് നോക്കുന്നത്. എന്തിനാണ് ദേവസ്വം ബോർഡ് നോക്കുക്കുത്തിയായി നിൽക്കുന്നത്'- കുമ്മനം രാജശേഖരൻ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ വിവാദമാക്കരുതെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതികരിച്ചത്. ശബരിമലയുടെ വികസനമാണ് ലക്ഷ്യമിടുന്നത്. ആചാരവിരുദ്ധമായ ഒന്നും നടക്കില്ല. മതസമുദായ സംഘടനകളെ സംഗമത്തിലേക്ക് ക്ഷണിക്കും. വിശ്വാസവും വികസനവും ഒരുപോലെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |